തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക്. ഇന്നലെ പനി ബാധിച്ചത് 12,984 പേർക്കാണ്. മലപ്പുറത്ത് ഗുരുതര സ്ഥിതിയാണ് നിലവിലുളളത്. ഇന്നലെ മാത്രം 2171 പേർക്കാണ് പനി ബാധിച്ചത്. സംസ്ഥാനത്ത് 110 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 43 എണ്ണവും എറണാകുളം ആണ്. 218 പേർക്കാണ് ഡെങ്കിപ്പനി ലക്ഷണം. 8 എലിപ്പനി, 3 മലേറിയ എന്നിവയും സ്ഥിരീകരിച്ചു. ഇന്നലെ ഉണ്ടായ മരണങ്ങൾ ഒന്നുപോലും കണക്കിൽ വന്നിട്ടില്ല. ആതേസമയം, പനി ബാധിച്ചു ഇതുവരെ മരിച്ചവരിൽ 50ന് താഴെ ഉള്ളവരും കുട്ടികളും ഉള്ളതാണ് ആശങ്ക കൂട്ടുന്നത്.
മലപ്പുറത്ത് ഡെങ്കിപ്പനിക്കേസുകള്‍ കൂടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് നിലവിലെ കേസുകള്‍. മലയോരമേഖലയിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം മെയ് മുതല്‍ ഇന്നലെ വരെ ജില്ലയില്‍ സ്ഥിരീകരിച്ച 53 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 213 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ മലയോര മേഖലയായ വണ്ടൂർ, മേലാറ്റൂർ എന്നീ ഹെൽത്ത് ബ്ലോക്കുകളിലാണ്. വണ്ടൂർ ഹെൽത്ത് ബ്ലോക്കിൽ 78 കേസുകളും മേലാറ്റൂർ ഹെൽത്ത് ബ്ലോക്കിൽ 54 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കരുവാരക്കുണ്ട് കാളികാവ് ചോക്കാട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഡെങ്കിപ്പനി മൂലം ഏപ്രില്‍ മാസത്തില്‍ കുഴിമണ്ണ പഞ്ചായത്തിലും ഇന്നലെ പോരൂർ പഞ്ചായത്തിലും ഓരോ മരണം സംഭവിച്ചിട്ടുണ്ട്. കൊതുകു പെരുകുന്നത് തടയാന്‍ പൊതുജനങ്ങള്‍ കൂടി സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
ഇന്നലെ കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ച പതിമൂന്നുകാരന്റെ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വൈറല്‍ പനിബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചു. സ്വകാര്യ ക്ലിനിക്കില്‍ ചികില്‍സ തേടുന്നവരുടെ കണക്കുകള്‍ ഇതിന് പുറമേയാണ്.