തിരുവനന്തപുരം∙ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ എംകോം റജിസ്ട്രേഷൻ കേരള സർവകലാശാല റദ്ദാക്കി. ഛത്തീസ്‌ഗഡിലെ കലിംഗ സർവകലാശാലയുടെ ബികോം ഡിഗ്രിക്ക് നൽകിയ എലിജിബിലിറ്റിയും റദ്ദാക്കിയിട്ടുണ്ട്. നിഖിൽ തോമസ് കേരള സർവകലാശാലയിൽ നൽകിയ ബികോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ യൂണിവേഴ്സിറ്റി കേരള സർവകലാശാല റജിസ്ട്രാർക്ക് അയച്ച മെയിലിൽ വ്യക്തമാക്കിയതിനെ തുടർന്നാണ് നടപടി.
ഒളിവിൽപോയ നിഖിൽ തോമസിനായി കായംകുളം പൊലീസ് തിരച്ചിൽ തുടരുകയാണ്. കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് എംഎസ്എം കേളജിൽ എംകോമിനു പ്രവേശനം നേടിയത്. നിഖിലിന്റെ ഡിഗ്രി വ്യാജമാണെന്ന് ആരോപണം ഉയർന്നതോടെ, എംകോം പ്രവേശനത്തിനായി നിഖിൽ ഹാജരാക്കിയ രേഖകൾ കേരള സർവകലാശാല കലിംഗ സർവകലാശാലയിലേക്ക് അയച്ചു. സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി നൽകിയ മെയിലിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല റജിസ്ട്രാർ അറിയിച്ചത്. നിഖിലിനെതിരെ ശക്തമായ നടപടി എടുക്കാനും കലിംഗ സർവകലാശാല ആവശ്യപ്പെട്ടു. നിഖിൽ തോമസിനെ എസ്എഫ്ഐ ചൊവ്വാഴ്ച പുറത്താക്കിയിരുന്നു. കോളജ് നൽകിയ പരാതിയിൽ വ്യാജരേഖ നിർമാണം, വഞ്ചന എന്നീ കുറ്റങ്ങൾക്ക് കായംകുളം പൊലീസ് കേസെടുത്തു. എംഎസ്എം കോളജിലും ഛത്തീസ്‌ഗഡിലെ റായ്പുരിൽ കലിംഗ സർവകലാശാല ആസ്ഥാനത്തും പൊലീസ് തെളിവെടുത്തു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല ഡിജിപിക്ക് പരാതി നൽകി.