തിരുവനന്തപുരം : കേരള സർവകലാശാലയിലെ പ്രതിസന്ധി പരിഹാരത്തിലേക്ക്. സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണ് പരിഹാരത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ഉടൻ സിൻഡിക്കേറ്റ് യോഗം വിളിക്കാനാണ് നീക്കം. മന്ത്രി ആർ ബിന്ദുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം വി സി മോഹനൻ കുന്നുമ്മൽ സമ്മതിച്ചിട്ടുണ്ട്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുമായും മന്ത്രി ചർച്ച നടത്തി. റജിസ്ട്രാർ കെ എസ് അനിൽകുമാറിനെ മാറ്റുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് സിൻഡിക്കേറ്റും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിസിക്ക് പിടിവാശി ഉള്ളതായി തോന്നിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി പ്രശ്നം തീർക്കാനാണ് സർക്കാർ ശ്രമമെന്നും വ്യക്തമാക്കി. പ്രശ്നങ്ങൾ ഉടനെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ മന്ത്രി ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ തന്നെയാണെന്ന് അംഗങ്ങൾ ആവർത്തിച്ചു.