തിരുവനന്തപുരം> യുവജനോത്സവത്തിന്റെ ഭാഗമായുണ്ടായ കോഴ ആരോപണത്തിൽ വിശദപരിശോധന വേണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല പൊലീസ് മേധാവിക്ക് കത്ത് നൽകി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിന്റെ നിർദേശപ്രകാരം രജിസ്‌ട്രാറാണ് കത്ത് നൽകിയത്.
യുവജനോത്സവത്തിന്റെ വിധികർത്താവായിരുന്ന ഷാജി പൂത്തട്ടയുടെ ആത്മഹത്യയും വേദിയിൽ ഉയർന്ന കോഴ ആരോപണവും അടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സർവകലാശാല ഡിജിപിക്ക് കത്ത് നൽകിയത്. വിധി നിർണയത്തിന് പണംവാങ്ങിയെന്ന പരാതിയിൽ വിധികർത്താവും പരിശീലകരുമടക്കം മൂന്നുപേരായിരുന്നു അറസ്റ്റിലായത്. വെള്ളി രാത്രിനടന്ന മാർഗംകളിയുടെ വിധിനിർണയത്തിന് പണംവാങ്ങിയെന്ന കലോത്സവ സംഘാടക സമിതിയുടെ പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. മുൻ കലോത്സവങ്ങളിലെ പരാതികൾ കണക്കിലെടുത്ത് ഇത്തവണ വിധികർത്താക്കളുടെ മൊബൈൽ ഫോണുകൾ മത്സരം പൂർത്തിയാകുന്നതുവരെ സംഘാടക സമിതി അംഗങ്ങളാണ് സൂക്ഷിച്ചിരുന്നത്.
മത്സരം നടക്കുന്നതിനിടയിൽ ഷാജിയുടെ മൊബൈൽ ഫോണിലേക്ക് നിരന്തരം വിളികളും സന്ദേശങ്ങളും വന്നത് സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഫലപ്രഖ്യാപനത്തെ തുടർന്ന് പരാതി ലഭിച്ചതോടെയാണ് സംഘാടക സമിതി പരിശോധന നടത്തിയത്. തുടർന്നാണ് സംഭവം പുറത്തായത്. എന്നാൽ താൻ കോഴ വാങ്ങിയില്ലെന്നും നിരപരാധിയാണെന്നും ഷാജിയുടെ ആത്ഹത്യാകുറിപ്പിലുണ്ട്.