തിരുവനന്തപുരം ∙ കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സേര്‍ച് കമ്മിറ്റിയുടെ കാലാവധി മൂന്നുമാസം കൂടി നീട്ടി. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം രാജ്ഭവന്‍ പുറപ്പെടുവിച്ചു. നേരത്തേ ഒരുതവണ കാലാവധി നീട്ടിയിരുന്നു.ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സേര്‍ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നല്‍കാന്‍ സര്‍വകലാശാല തയാറായിട്ടില്ല. ഇത് ഗവര്‍ണറും സര്‍വകലാശാലയും, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിന് ആക്കം കൂട്ടിയിരുന്നു. സെനറ്റ് യോഗം ക്വോറം തികയാതിരിക്കാന്‍ ഇടത് അംഗങ്ങള്‍ വിട്ടു നിന്നിരുന്നു. 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കി. ഇപ്പോള്‍ ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്ന നിയമം പാസാക്കിയാണ് സര്‍ക്കാര്‍ തിരിച്ചടിച്ചത്. എന്നാല്‍ സഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല. അത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കുമെന്ന നിലപാട് കൈക്കൊള്ളുകയും ചെയ്തു. ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മലിനാണ് ഇപ്പോള്‍ കേരള വിസിയുടെ ചുമതല.