തിരുവനന്തപുരം: കേരള സർവകലാശാല കാമ്പസിലുള്ള യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ നടത്താനിരുന്ന സിനിമ നടി സണ്ണി ലിയോണിന്റെ സ്റ്റേജ് പ്രോഗ്രാം, സർവകലാശാല വൈസ്ചാൻസിലർ ഡോ. മോഹൻ കുന്നുമ്മൽ തടഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശം അദ്ദേഹം രജിസ്ട്രാർക്ക് കൈമാറി
ജൂലൈ അഞ്ചിനാണ് സണ്ണി ലിയോണിന്റെ പ്രോഗ്രാം നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചിരുന്നത്. പുറമെ നിന്നുള്ള പ്രോഗ്രാമിന് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല.
തിരുവനന്തപുരം ഗവ. എൻജിനീറിങ് കോളജിലും കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച പരിപാടികളെ തുടർന്ന് വിദ്യാർഥികൾ മരണപ്പെട്ടിരുന്നു. പുറമേ നിന്നുള്ള ഡി.ജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ കാമ്പസിൽ നടത്തുന്നത് സർക്കാർ കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനിൽക്കേയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിന്റെ പ്രോഗ്രാം നടത്താൻ കേരളയിലെ എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ സംഘടന തീരുമാനിച്ചത്.
യാതൊരു കാരണവശാലും ഇത്തരം പരിപാടികൾ കാമ്പസിലോ പുറത്തോ യൂനിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വി.സി. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ സണ്ണി ലിയോൺ മുൻ നീലച്ചിത്ര അഭിനേത്രിയും മോഡലുമാണ്. ഇപ്പോൾ ഇന്ത്യൻ സിനിമയിൽ നിറസാന്നിധ്യമാണ്.