തിരുവനന്തപുരം> തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. 69.66 കോടിരൂപയുടെ ഭരണാനുമതി മന്ത്രിസഭായോഗം നൽകിയിരുന്നു. പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗബാധിതരെ ഐസോലേഷൻ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് ഇതുപകരിക്കും. കിഫ്ബി ധനസഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് 34.74 കോടി രൂപയുടേയും കോഴിക്കോട് മെഡിക്കൽ കോളേജിന് 34.92 കോടി രൂപയുമാണ് അനുവദിച്ചത്.
പകർച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും 10 കിടക്കകളുള്ള ആധുനിക ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കും. 10 എണ്ണം ഉദ്ഘാടനം കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 50 കിടക്കകളുണ്ടാവും. 3500 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിൽ നാല് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഒപി വിഭാഗം, വാർഡുകൾ, ഐസോലേഷൻ യൂണിറ്റുകൾ, പരിശോധനാ സൗകര്യങ്ങൾ എന്നിവയുണ്ടാകും. കോഴിക്കോട് മെഡിക്കൽ കോളേജിൽ 40 കിടക്കകളുള്ള ബ്ലോക്കിന് 3600 സ്‌ക്വയർ മീറ്ററിൽ 3 നില കെട്ടിടം നിർമ്മിക്കും.