വെസ്റ്റ്ഹിൽ> ബസുകളുടെ മരണപ്പാച്ചിലിനെ തുടർന്ന് വേങ്ങേരി ജങ്ഷനുസമീപം തിങ്കളാഴ്ചയുണ്ടായ അപകടത്തിന് കാരണക്കാരായ ബസ് ഡ്രൈവറെയും ഉടമയെയും ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ രണ്ട് ബസുകളുടെ ഇടയിൽപെട്ട് മരിക്കാനിടയാക്കിയ ബസിന്റെ ഡ്രൈവർ കാരന്തൂർ പട്ടോത്ത് വീട്ടിൽ അഖിൽ കുമാർ (25), ബസുടമ കുരുവട്ടൂർ വെള്ളത്തൊടി വീട്ടിൽ അരുൺ(33) എന്നിവർക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത ഡ്രൈവറെയും പ്രേരണാക്കുറ്റത്തിന് കേസെടുത്ത ഉടമയെയും റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഓഫീസർ കെ കെ ആഗേഷ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി വൺവേ ആക്കി ഗതാഗതക്രമീകരണം വരുത്തിയ വേങ്ങേരി ജങ്‌ഷനുസമീപത്തെ ഇടുങ്ങിയ റോഡിലായിരുന്നു അപകടം. കക്കോടി കിഴക്കുംമുറി താഴെനെല്ലൂളി വീട്ടിൽ കെ പി ഷൈജുവും(44) ഭാര്യ ജീമ (36)യും പിറകിൽ വന്ന ബസ് അതിവേഗത്തിലെത്തി ഇടിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ നാട്ടുകാരാണ് പിടികൂടിയത്. അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റിരുന്നു. ബസുകളിലുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കേറ്റു. ഇരു ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ രാത്രി ആറരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.