തൃശൂർ : തൃശൂർ ശ്രീ കേരളവർമ്മ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിലെ റീ കൗണ്ടിങ് ഡിസംബർ രണ്ടിന് രാവിലെ 9 ന് നടക്കും. റീ കൗണ്ടിങ് വീഡിയോയിൽ പകർത്താനും തീരുമാനമായി. കെ.എസ്.യുവിൻ്റെ ചെയർമാൻ സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ റീക്കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്നു ചേർന്ന വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ശിവദാസൻ നൽകിയ ഹർജിയിലെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വീണ്ടും ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ നടത്തുന്നത്. വോട്ടിംഗ് ദിവസം വൈദ്യുതി ബന്ധം ഉൾപ്പെടെ തടസ്സപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിൽ പ്രിൻസിപ്പലിന്റെ ചേമ്പറിൽ ആയിരിക്കും വോട്ടെണ്ണൽ നടക്കുക. ഒപ്പം വോട്ടെണ്ണൽ നടപടി പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും.