തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടയിൽ ഡോക്ടർ വിജിലൻസ് പിടിയിൽ. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആൻഡ് ലാപ്രോ സ്കോപിക് സർജനായ ഡോ. ആർ രാജനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ ഇന്ന് (തിങ്കളാഴ്ച) വിജിലൻസ് പിടികൂടിയത്.
പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്കായി ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആൻഡ് ലാപ്രോ സ്കോപിക് സർജനായ ഡോ.ആർ. രാജനെ നാലു പ്രാവശ്യം പരാതിക്കാരി ആശുപത്രി ഒ.പിയിൽ ചെന്ന് കണ്ടിരുന്നുവെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഡോക്ടർ സർജറി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും ഡോക്ടറുടെ ഒ.പി-യിൽ എത്തിയ പരാതിക്കാരിയോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് 3.30 മണിയോടെ ചേർത്തല മതിലകത്ത് ഡോക്ടറുടെ ഭാര്യാവീടിന് സമീപത്തുള്ള സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് എത്തിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തത്. പരാതിക്കാരി വിവരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു.
തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം വിജിലൻസ് ആലപ്പുഴ യൂനിറ്റ് ഡി.വൈ.എസ്.പി. ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി പരാതിക്കാരിയിൽ നിന്നും ഇന്ന് പണം കൈപ്പറ്റവേ ഡോ. ആർ. രാജനെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.