ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്‍ലി. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കുറഞ്ഞത് 130 സീറ്റുകൾ നേടുമെന്നും ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം പൂർണമായും അടയുമെന്നും അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസിന് അനുകൂലമായാണ് മാറ്റത്തിന്‍റെ കാറ്റ് വീശുന്നത്. ബി.ജെ.പി തകർന്നുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി നേതാക്കൾ തമ്മിലും അണികൾ തമ്മിലും ഐക്യമില്ല. പലരും സീറ്റ് നിഷേധിക്കപ്പെട്ടതോടെ രാജിവെച്ച് കോൺഗ്രസിലേക്കോ മറ്റ് പാർട്ടികളിലേക്കോ അഭയം പ്രാപിക്കുകയാണ്.’ – വീരപ്പ മൊയ്‍ലി പി.ടി.ഐയോട് പറഞ്ഞു.
കേന്ദ്രത്തിൽ സർക്കാറുണ്ടാക്കുന്നതിൽ കർണാടകക്ക് നിർണായക പങ്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വിജയം 2024 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നതിന് വഴിയൊരുക്കുമെന്നും അഭിപ്രായപ്പെട്ടു. കർണാടകയിലെ ബി.ജെ.പി സർക്കാർ പൂർണ പരാജയമാണെന്നും വീരപ്പ മൊയ്‍ലി ആരോപിച്ചു. മെയ് 10നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13നാണ് ഫലപ്രഖ്യാപനം.