പത്തനംതിട്ട : കേരളവും ആരോഗ്യമന്ത്രിയും നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിച്ചതുപോലെ വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജിന്റെ മണ്ഡലവും കേരളത്തില്‍ ഒന്നാമതെത്തി. സംസ്ഥാനത്തെ ആദ്യത്തെ ഒമിക്രോണ്‍ ക്ലസ്റ്റര്‍ പത്തനംതിട്ടയില്‍ രൂപപ്പെട്ടതോടുകൂടിയാണ് ഈ നേട്ടം ആരോഗ്യമന്ത്രിയുടെ നാടിന് സ്വന്തമായത്. ഏറെ ജനത്തിരക്കുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളെ പിന്തള്ളിക്കൊണ്ടാണ് ജനസാന്ദ്രത കുറവുള്ള മലയോര ജില്ലയായ പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ ഉണ്ടായതെന്ന് പറയുമ്പോള്‍ മന്ത്രിയുടെ ജില്ലയിലെ സ്വന്തം മണ്ഡലത്തിലെ (ആറന്മുള) ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എങ്ങനെയെന്നു വ്യക്തമാകും. കോവിഡ് പരിശോധനകള്‍ പേരിനുമാത്രം ചെയ്തുകൊണ്ട് രോഗികളുടെ എണ്ണം കുറച്ചുകാണിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പാര്‍ട്ടി പരിപാടികള്‍ക്കും പ്രതിഷേധ പരിപാടികള്‍ക്കും ഒരു നിയന്ത്രണവും ബാധകമല്ല. നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയുള്ള നടപടികള്‍ വന്‍ വിപത്തിലേക്ക് നയിക്കും. വരും ദിവസങ്ങളില്‍ കേരളത്തില്‍ കോവിഡ്, ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരും.
ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞകാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വളരെ മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ന് ഈ വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയായിക്കഴിഞ്ഞു. കോവിഡ്, ഒമിക്രോണ്‍ നിയന്ത്രിക്കുവാന്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മന്ത്രിയുടെ ജന്മനാട്ടില്‍ തന്നെ കേരളത്തിലെ ആദ്യ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു എന്നുപറയുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ആരോഗ്യമില്ലായ്മ ഇതില്‍ നിന്നും മനസ്സിലാക്കാം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് വളരെ അടുത്ത ബന്ധമുള്ള പത്തനംതിട്ട മുത്തൂറ്റ് ഗ്രൂപ്പ് അധികൃതര്‍ ഒമിക്രോണ്‍ രോഗബാധ ജനങ്ങളില്‍ നിന്നും മറച്ചുവെച്ചു എന്ന ആരോപണം നിലവിലുണ്ട്. ആരോഗ്യവകുപ്പ് അധികൃതരെയും ഇവര്‍ ഒമിക്രോണ്‍ ബാധ അറിയിച്ചിരുന്നില്ല.
രോഗവിവരം പുറത്തറിഞ്ഞാല്‍ നെഴിംഗ് കോളേജിന്റെ സമീപമുള്ള മുത്തൂറ്റ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുമോയെന്ന് മാനെജ്‌മെന്റ് ഭയപ്പെട്ടിരുന്നു. രോഗബാധ മൂടിവെച്ചതോടെ ഒമിക്രോണ്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു. ഇങ്ങനെയാണ് ഇത് ക്ലസ്റ്റര്‍ ആയി രൂപപ്പെട്ടത്. കൂടുതല്‍ കരുതലോടെ നീങ്ങിയില്ലെങ്കില്‍ പത്തനംതിട്ടയില്‍ രോഗവ്യാപനം രൂക്ഷമാകും.