തിരുവനന്തപുരം: യുക്രെയ്നിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കേരളത്തിലെത്തിച്ചു. ഡൽഹിയിൽ നിന്ന് 529 പേരും മുംബൈയിൽ നിന്ന് 205 പേരുമാണ് ഇന്നു കേരളത്തിൽ എത്തിയത്. ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി.
ഡൽഹിയിൽനിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ടു ചാർട്ടേഡ് വിമാനങ്ങൾ ഇന്നു പുലർച്ചെ കൊച്ചിയിൽ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178 ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തിൽ 173 ഉം യാത്രക്കാർ ഉണ്ടായിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകീട്ട് 6.30ന് കൊച്ചിയിൽ എത്തി. ഇതിൽ 178 യാത്രക്കാർ ഉണ്ടായിരുന്നു. ഇന്നു രാത്രി ഒരു ചാർട്ടേഡ് ഫ്ളൈറ്റ് കൂടി ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഈ വിമാനത്തിൽ 158 യാത്രക്കാരാണുള്ളത്.
യുക്രെയ്നിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ ഇന്ന് 227 വിദ്യാർഥികൾ എത്തി. ഇതിൽ 205 പേരെയും നാട്ടിൽ എത്തിച്ചു. സ്വദേശങ്ങളോട് അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയിൽനിന്ന് വിദ്യാർഥികളെ നാട്ടിൽ എത്തിക്കുന്നത്. ഇന്ന് എത്തിയവരിൽ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാർഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാർഥികളും നാളെ പുലർച്ചെയോടെ കേരളത്തിൽ എത്തും.