ദില്ലി : കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ നിർണ്ണായക യോഗം ഇന്ന്. പെട്രോളിയം സഹ മന്ത്രി രാമേശ്വർ തെലിയാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്ര പെട്രോളിയം സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യോഗം. മത്സ്യബന്ധന മേഖലയ്ക്ക് അടക്കം കൂടുതൽ മണ്ണെണ്ണ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനം ഇക്കാര്യം ഉന്നയിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന് അനുവദിച്ച പാദ വാർഷിക മണ്ണെണ്ണ ക്വാട്ട ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ വെട്ടികുറച്ചിരുന്നു. മണ്ണെണ്ണ വില വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണം എന്നും സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം കേന്ദ്രം ഓരോ മാസവും കുറച്ച് കൊണ്ടുവരികയാണെന്ന് മന്ത്രി ജി ആർ അനിൽ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള സബ്സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതൽ 60 ശതമാനം വരെ കുറഞ്ഞു.
ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണ് മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലമുണ്ടാകുന്നതെന്ന് മന്ത്രി അനിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിമർശനം അടിസ്ഥാനരഹിതമാണ്. മണ്ണെണ്ണ കേരളത്തിൽ കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിന്നുള്ള മണ്ണണ്ണ സബ്സിഡി വർധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് അനുവദിക്കുന്ന അരി വിഹിതത്തിൽ കൂടുതൽ ജയ അരി ഉൾക്കൊള്ളിക്കാൻ ഭക്ഷ്യ പൊതു വിതരണ വകുപ്പ് സഹമന്ത്രിയോട് അദ്ദേഹം ഇന്നലത്തെ ചർച്ചയിൽ അഭ്യർത്ഥിച്ചു. ഭക്ഷ്യ ധാന്യങ്ങളിൽ 50 ശതമാനം പച്ചരി വേണം, ബാക്കി അൻപത് ശതമാനത്തിൽ ജയ, സുലേഖ അരി നൽകണമെന്നുള്ള ആവശ്യം ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.