ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാന സന്ദർശനത്തിനു പിന്നാലെ ബി.ജെ.പിയുടെ തന്ത്രപ്രധാന യോഗം ഇന്ന് ഹൈദരാബാദിൽ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ്, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് എന്നിവയായിരിക്കും യോഗത്തിലെ മുഖ്യ അജണ്ടകൾ. 11 സംസ്ഥാനങ്ങളിലെ ബി.ജെ.പി അധ്യക്ഷൻമാർ പങ്കെടുക്കുന്ന യോഗത്തിൽ പ്രസിഡന്റ് ജെ.പി. നദ്ദ അധ്യക്ഷത വഹിക്കും. കർണാടകയിലെ പരാജയത്തിന്റെ ചുവടു പിടിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ആക്ഷൻ പ്ലാനുകളെ കുറിച്ച് യോഗം ചർച്ചചെയ്യും.
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് ആറുമാസമേ അവശേഷിക്കുന്നുള്ളൂ. അടുത്തിടെ കേന്ദ്ര മന്ത്രി ജഇ കിഷൻ റെഡ്ഡിയെ സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി നിയമിച്ചിരുന്നു. അതിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ജൂലൈ 20നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുക.