ബ്രാംപടണ്‍: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കാനഡയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ബ്രാംപ്ടണില്‍ ഖലിസ്ഥാന്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നേതാവായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജര്‍. ഇന്ത്യയില്‍ വിവിധ കേസുകളുമായി ബന്ധമുള്ള ഖലിസ്ഥാനി നേതാവാണ് കൊല്ലപ്പെട്ടത്. ആയുധ ധാരികളായ രണ്ട് പേരാണ് നിജ്ജറെ വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ വെടിവയ്പിന്‍റെ കാരണമെന്താണെന്നോ ഗൂഡാലോചനയേക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.നിരവധി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഖലിസ്ഥാനി ഭീകരവാദിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ ഗുരുദ്വാരയിലെ മാനേജിംഗ് കമ്മിറ്റിയുടെ പ്രസിഡന്‍റ് ആയി വീണ്ടും തെരഞ്ഞെടുത്തത് വലിയ വാര്‍ത്ത ആിരുന്നു. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന വിഘടനവാദ സംഘടനയിലെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നിജ്ജറായിരുന്നു ബ്രാംപ്ടണില്‍ ഖലിസ്ഥാന്‍ ഹിതപരിശോധന സംഘടിപ്പിച്ചത്. ഒരു ലക്ഷത്തിലേറെ ആളുകള്‍ ഈ ഹിതപരിശോധനയുടെ ഭാഗമായത് കനേഡിയന്‍ സര്‍ക്കാരിനും വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിജ്ജറിനെ രാജ്യത്തിന് വിട്ടുനല്‍കണമെന്ന് ഇന്ത്യയും നേരത്തെ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ജലന്ധറില്‍ ഹിന്ദു പൂജാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്‍ഐഎ നിജ്ജറിനെതിരെ കുറ്റപത്രം നല്‍കിയിരുന്നു. നിജ്ജറിന്‍റെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.