ന്യൂഡൽഹി: ഉദ്യോഗസ്ഥമേധാവിത്വത്തിന്‍റെ രാഷ്ട്രീയവത്കരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ കാണിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് സർക്കാർ അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവുകൾ ഉദ്യോഗസ്ഥമേധാവിത്വത്തിന്‍റെ രാഷ്ട്രീയവൽക്കരണമാണെന്നും അവ പിൻവലിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ 765 ജില്ലകളിലേക്കും ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നിങ്ങനെ ഉയർന്ന റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ഇന്ത്യ സർക്കാറിന്‍റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ കാണിക്കാൻ “രഥ് പ്രഭാരികൾ” ആയി വിന്യസിക്കണമെന്നുള്ള സർക്കാർ ഉത്തരവിനെ ഖാർഗെ തന്റെ കത്തിൽ എതിർത്തു. വാർഷിക അവധിയിലുള്ള സൈനികരോട് സർക്കാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന് സമയം ചെലവഴിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റൊരു ഉത്തരവിനെ കുറിച്ചും അദ്ദേഹം കത്തിൽ പരാമർശിച്ചു.
കഴിഞ്ഞ ഒമ്പത് വർഷം എന്നത് ബി.ജെ.പിയുടെ ഭരണകാലമാണ് എന്നത് യാദൃശ്ചികമല്ല. ഒന്നിലധികം കാരണങ്ങളാൽ ഇത് വളരെ ആശങ്കാജനകമാണെന്നും നിലവിലെ സർക്കാരിന്റെ പ്രചരണപ്രവർത്തനങ്ങൾക്കായി മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുവെന്നും ഖാർഗെ ആരോപിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥനും ഒരു രാഷ്ട്രീയ പ്രവർത്തനത്തിലും പങ്കെടുക്കരുതെന്ന് നിർദ്ദേശിക്കുന്ന 1964 ലെ സെൻട്രൽ സിവിൽ സർവീസസ് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ മാത്രം പരിഗണിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും 2024 ലെ പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായി സുതാര്യമായ രാഷ്ട്രീയ നീക്കമാണെന്നും ഖാർഗെ പറഞ്ഞു.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് ഇത്തരം ഉത്തരവുകൾ ഉടനടി പിൻവലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഖാർഗെ കത്ത് പങ്കുവെച്ചുകൊണ്ട് പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും കത്ത് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.