ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കുമേൽ ‘നിക്ഷിപ്ത താൽപര്യക്കാർ’ സമ്മർദമുയർത്തുകയാണെന്ന് ചൂണ്ടിക്കാട്ടി 600 അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയ സംഭവത്തിൽ കോൺഗ്രസിനെ കുറ്റം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘ജനാധിപത്യത്തിൽ കൃത്രിമം കാട്ടുന്നതിലും ഭരണഘടനയെ മുറിവേൽപിക്കുന്നതിലും നിങ്ങൾ കേമന്മാരാണല്ലോ. ഓരോ സ്ഥാപനങ്ങളും നിങ്ങൾ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയിരിക്കുകയാണ്. മോദിജീ, നിങ്ങളുടെ പാപങ്ങൾക്ക് കോൺഗ്രസിനെ കുറ്റം പറയുന്നത് നിർത്തൂ’ -ഖാർഗെ തുറന്നടിച്ചു.
പണ്ട് ജഡ്ജിമാർ വാർത്താസമ്മേളനം നടത്താനിടയായ സാഹചര്യം മോദിയെ ഖാർഗെ ഓർമിപ്പിച്ചു. ‘ജഡ്ജിമാരിൽ ഒരാളെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് നിങ്ങളാണ്. അതുകൊണ്ട് പ്രതിബദ്ധതയുള്ള ജുഷീഷ്യറി ആർക്കാണ് വേണ്ടത്? നിങ്ങളുടെ പാർട്ടി വരാനിരിക്കുന്ന ഇലക്ഷനിൽ മുൻ ഹൈകോടതി ജഡ്ജിയെ പശ്ചിമ ബംഗാളിൽ സ്ഥാനാർഥിയാക്കിയ കാര്യം മറന്നുപോയോ?‘ -ഖാർഗെ ചോദിച്ചു.
‘കഴിഞ്ഞ കുറച്ചാഴ്ചകളിലായി സുപ്രീംകോടതിയിൽ നിന്ന് അദ്ദേഹത്തിന് പ്രഹരമേറ്റിട്ടുണ്ട്. ഇലക്ടറൽ ബോണ്ട് കേസ് ഒരു ഉദാഹരണമാണ്’ -കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.