ദില്ലി: രണ്ട് വർഷം മുമ്പ് കോൺഗ്രസ് വിട്ടെത്തിയ നടി ഖുഷ്ബുവിനെ പുതിയ സ്ഥാനം നൽകി ബി ജെ പി ദേശീയ നേതൃത്വം. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമാക്കി. കേന്ദ്രസർക്കാരാണ് ഖുശ്ബു സുന്ദറടക്കം മൂന്ന് പേരെ ദേശീയ വനിതാ കമ്മീഷനിലേക്ക് നാമനിർദ്ദേശം ചെയ്തത്. സ്ഥാനമേൽക്കുന്നത് മുതൽ മൂന്ന് വർഷത്തേക്കാണ് ഖുഷ്ബുവിന് വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിക്കാനാകുക. ബി ജെ പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ അടക്കമുള്ളവർ ഖുഷ്ബുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. സ്ത്രീകളുടെ നീതിക്കായി ശബ്ദമുയർത്തുന്ന ഖുഷ്ബുവിന് അർഹതയ്ക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
അതേസമയം കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബർ മാസത്തിലാണ് ഖുഷ്ബു ബി ജെ പിയിലെത്തിയത്. സോണിയ ഗാന്ധിക്ക് രാജികത്ത് നൽകിയ ശേഷമായിരുന്നു ഖുഷ്ബു ബി ജെ പിയിലെത്തിയത്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ് ഖുശ്ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതാണ് നടിയെ പ്രകോപിച്ചതെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഖുഷ്ബു കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയത്. ബി ജെ പിയാകട്ടെ ഖുഷ്ബുവിന് ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലടക്കം അംഗത്വം നൽകിയിരുന്നു. തമിഴ്നാട്ടിൽ ബി ജെ പിയുടെ വളർച്ചയ്ക്ക് ഖുഷ്ബു മുതൽക്കൂട്ടാകും എന്നാണ് ബി ജെ പി നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ടതന്നെയാണ് ഖുഷ്ബുവിന് ദേശീയ വനിതാ കമ്മീഷൻ അംഗത്വം ബി ജെ പി നൽകിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.