ഇന്ത്യയിലെ എം.പി.വി. ശ്രേണിയിൽ ആധിപത്യം സ്ഥാപിക്കാനുറച്ച് കിയ മോട്ടോഴ്സിന്റെ നാലാമത്തെ മോഡൽ കാരൻസ് എം.പി.വി. ഇന്ത്യയിൽ അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിൽ പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിൽ എത്തുന്ന കാരൻസിന് 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. കുറഞ്ഞ വിലയിൽ ഏറ്റവുമധികം ഫീച്ചറുകൾ നൽകുന്ന എം.പി.വിയാകും കാരൻസ്. കിയയുടെ വാഹന നിരയിലെ നാലാമത്തെ മോഡലും രണ്ടാമത്തെ എം.പി.വിയുമായിരിക്കും കാരൻസ്.
ആഡംബര ശ്രേണിയിൽ എത്തിയിട്ടുള്ള കാർണവലാണ് ആദ്യ എം.പി.വി. കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈൻ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോൾഡ് ഫോർ നേച്ചർ തീമിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരൻസ്. 4540 എം.എം. ആണ് നീളം. വീതി 1800 എം.എമ്മും. 1700 എം.എം. ഉയരമുള്ള കാരൻസിന്റെ വീൽബേസ് 2780 എം.എമ്മാണ്. 195 എം.എം. ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.
എസ്.യു.വി. ഭാവത്തിലുള്ള രൂപകൽപ്പനയാണ് കാരൻസിന് കമ്പനി നൽകിയിട്ടുള്ളത്. മൂന്നുനിരകളുള്ള ആറ്, ഏഴ് സീറ്റ് ഓപ്ഷനിലാണ് കാരൻസ് വിപണിയിലെത്തുക. വിശാലമായ ഇന്റീരിയറും എണ്ണിയാൽ തീരാത്ത ഫീച്ചറുകളും പുതിയ വാഹനത്തിൽ കിയ ഉൾപ്പെടുത്തിയിരിക്കുന്നു. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി ഉൾപ്പെടുത്തിയിരിക്കുന്നതാണ് കാരൻസിന്റെ മറ്റൊരു സവിശേഷത. ബേസ് മോഡൽ മുതൽ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ ലഭ്യമാണ്. ടൈഗർ നോസ് ഫേസ്, എൽ.ഇ.ഡി. ലൈറ്റുകൾ തുടങ്ങിയവ പുറംമോടി കൂട്ടുന്നു.
10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ആകർഷണം. വീഡിയോ ടെലിമാറ്റിക് നാവിഗേഷനും ഉൾപ്പെടുത്തിയിരിക്കുന്നു. ഡോർ പാഡുകളിൽ ക്രോം ഗാർണിഷുകൾ നൽകിയിട്ടുള്ളത് അകത്തളത്തെ പ്രീമിയം ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗിയർ ലിവർ, സ്റ്റിയറിങ്ങ് വീൽ തുടങ്ങിയ ഫീച്ചറുകൾ സെൽറ്റോസിനും സോണറ്റിനും സമാനമായതാണ് കാരൻസിലും നൽകിയിട്ടുള്ളത്.
പെട്രോൾ, ഡീസൽ എൻജിനുകളിലായാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനൊപ്പം 1.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോൾ എൻജിനിൽ നൽകിയിട്ടുള്ളത്. 1.5 ലിറ്റർ ഡീസൽ എൻജിനിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുകളിലും വാഹനം ലഭ്യമാകും.