ഇന്ത്യയിലെ മുൻ നിര എം പി വി വാഹന ശ്രേണിയിലേക്ക് കരുത്തറിയിക്കാൻ കിയയും. കിയയുടെ ഏറ്റവും പുതിയ മോഡലും ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ വാഹനവുമായ കിയ കാരൻസിന്റെ ബുക്കിംഗ് ആരംഭിച്ചു. 25000 രൂപ എന്ന അടിസ്ഥാന വില ഈടാക്കിയാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കിയ ഷോറൂമുകൾ വഴിയോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. എസ്.യു.വിയുടെ രൂപ ഭാവവും എം.പി.വിയുടെ സൗകര്യങ്ങളും ഒത്തിണക്കി എത്തിയിട്ടുള്ള വാഹനമെന്ന് കാരൻസിനെ വിശേഷിപ്പിക്കാം. പ്രധാനമായും ഇന്ത്യൻ നിരത്തുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള വാഹനമാണ് കാരൻസ് എന്നാണ് കിയ മോട്ടോഴ്സ് വ്യക്തമാക്കുന്നത്. കാരൻസിന്റെ ഉൽപാദനത്തിന്റെ 80 ശതമാനവും ഇന്ത്യയിൽ വിൽക്കുകയും 20 ശതമാനം വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. ലെഫ്റ്റ് ഹാൻഡ്, റൈറ്റ് ഹാൻഡ് മോഡലുകൾ കയറ്റുമതി ചെയ്യുമെന്നാണ് വിവരം.
കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈൻ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോൾഡ് ഫോർ നേച്ചർ തീമിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരൻസ്. എസ്.യു.വിയുടെയും എം.പി.വിയുടെയും സവിശേഷതകളാണ് കാരൻസിന്റെ മറ്റൊരു ഹൈലൈറ്റ്. 4540 മില്ലിമീറ്റർ ആണ് നീളം. വീതി 1800 മില്ലിമീറ്ററും. 1700 മിലിമീറ്റർ ഉയരമുള്ള കാരൻസിന്റെ വീൽബേസ് 2780 മിലിമീറ്ററാണ്. ഈ സെഗ്മെന്റിലെ ഏറ്റവും ഉയർന്ന വീൽബേസാണിത്. 195 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്. എസ്.യു.വി. ഭാവത്തിലുള്ള രൂപകൽപ്പനയാണ് കാരൻസിന് കമ്പനി നൽകിയിട്ടുള്ളത്. മൂന്നുനിരകളുള്ള ആറ്, ഏഴ് സീറ്റ് ഓപ്ഷനിലാണ് കാരൻസ് വിപണിയിലെത്തുക. വിശാലമായ ഇന്റീരിയറും എണ്ണിയാൽ തീരാത്ത ഫീച്ചറുകളും പുതിയ വാഹനത്തിൽ കിയ ഉൾപ്പെടുത്തിയിരിക്കുന്നു. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി ഉൾപ്പെടുത്തിയിരിക്കുന്നതാണ് കാരൻസിന്റെ മറ്റൊരു സവിശേഷത. ബേസ് മോഡൽ മുതൽ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ ലഭ്യമാണ്.
ടൈഗർ നോസ് ഗ്രില്ല്, എൽ.ഇ.ഡി. ലൈറ്റുകൾ തുടങ്ങിയവ പുറംമോടി കൂട്ടുന്നു. 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ആകർഷണം. വീഡിയോ ടെലിമാറ്റിക് നാവിഗേഷനും ഉൾപ്പെടുത്തിയിരിക്കുന്നു. ഡോർ പാഡുകളിൽ ക്രോം ഗാർണിഷുകൾ നൽകിയിട്ടുള്ളത് അകത്തളത്തെ പ്രീമിയം ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗിയർ ലിവർ, സ്റ്റിയറിങ്ങ് വീൽ തുടങ്ങിയ ഫീച്ചറുകൾ സെൽറ്റോസിനും സോണറ്റിനും സമാനമായതാണ് കാരൻസിലും നൽകിയിട്ടുള്ളത്. പെട്രോൾ, ഡീസൽ എൻജിനുകളിലായാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനൊപ്പം 1.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോൾ എൻജിനിൽ നൽകിയിട്ടുള്ളത്.
1.5 ലിറ്റർ ഡീസൽ എൻജിനിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുകളിലും വാഹനം ലഭ്യമാകും. വിലയിൽ മാരുതി സുസുക്കി എക്സ്എൽ 6, മഹീന്ദ്ര മറാസോ എന്നിവരാവും കാരൻസ് 6 സീറ്റർ മോഡലിന്റെ വിപണിയിലെ പ്രധാന എതിരാളികൾ. ടാറ്റാ സഫാരി, എക്സ് യു വി 700 എന്നീ വാഹനങ്ങളാവും 7 സീറ്റർ മോഡലിന് വെല്ലുവിളി ഉയർത്തുക. ഡിസംബർ 16-ന് ആഗോളതലത്തിൽ അവതരിപ്പിച്ച ഈ വാഹനത്തിന്റെ വിതരണം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.