തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പീഡനക്കേസിൽ കിക്ക് ബോക്സിങ് പരിശീലകൻ അറസ്റ്റിൽ. നെയ്യാറ്റിൻകരയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ പ്രേമം നടിച്ച് പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കിക്ക്ബോക്സിങ് പരിശീലകനെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂർ നല്ലൂർവട്ടം കാവു വിള വീട്ടിൽ സുനിൽകുമാർ (28) നെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാർ പട്ടികജാതി കമ്മീഷനു നൽകിയ പരാതിയെ തുടർന്നാണ് നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുനിൽകുമാറിനെ നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വലിയതുറയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഉപയോഗിച്ച കാർ പോലീസ് കണ്ടെടുത്തു. നെടുമങ്ങാട് പട്ടികജാതി പട്ടികവർഗ്ഗ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നെയ്യാറ്റിൻകര എസ് എച്ച് ഓ എസ്. ബി പ്രവീണും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട പന്നിയോട് അമ്മൻകുളങ്ങര ഷോജൻ ഭവനിൽ ഷോജിൻ (25) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഒമ്പത് മാസം അധികം കഠിനതടവ് അനുഭവിക്കണം. പ്രേരണക്കുറ്റം ആരോപിച്ചിരുന്ന രണ്ടാം പ്രതിയെ കോടതി കുറ്റവിമുക്തനാക്കി.