കൊല്ലം: കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. പ്രതികള്‍ കത്തിച്ച കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസിൽ നടത്തിയ പരിശോധനയിലാണ് തെളിവുകൾ കണ്ടെടുത്തത്. കുട്ടിയുടെ ബാഗ് കത്തിച്ച് കളഞ്ഞെന്നും വ്യാജ നമ്പർ പ്ലേറ്റ് ആറ്റിൽ കളഞ്ഞെന്നുമാണ് പ്രതികൾ ആദ്യം നൽകിയ മൊഴി. പ്രതികൾ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് കണ്ടെത്താൻ വീണ്ടും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സംഭവ ദിവസം കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടലിലുമെത്തിച്ച് ഇന്ന് തെളിവുകൾ ശേഖരിച്ചു. പ്രതികളെ പിടികൂടിയ തമിഴ്നാട്ടിലെ പുളിയറ, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുക്കും.