ബറെയ്‌ലി: ഫീസ് അടയ്ക്കാത്തതിന് ഉത്തർപ്രദേശിലെ ബറെയ്‌ലിയിൽ 35 കുട്ടികളെ സ്കൂൾ അധികൃതർ ബന്ദിയാക്കി തടങ്കലിൽ വച്ചു. ശനിയാഴ്ചയാണ് സംഭവം. ഹാർട്ട്മാൻ സ്കൂൾ അധികൃതർക്കെതിരെ സ്കൂളിലെ മാതാപിതാക്കളുടെ സംഘടന പരാതി നൽകി.സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളെ കൊണ്ടുപോകാനായി മാതാപിതാക്കൾ എത്തിയപ്പോഴാണ് ഫീസ് നൽകാത്തതിനാൽ മുറിയിൽ പൂട്ടിയിട്ട കാര്യം അറിയുന്നത്. ഇതേത്തുടർന്ന് മാതാപിതാക്കൾ ബഹളം വച്ചു. എന്നിട്ടും കുട്ടികളെ വിടാത്തതിനാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് കുട്ടികളെ പുറത്തെത്തിച്ചത്. പല കുട്ടികളും കരയുകയായിരുന്നു. സംഭവം മാനസികമായി കുട്ടികളെ ബാധിച്ചുവെന്നും സംശയമുണ്ട്. സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് സ്കൂൾ അധികൃതർ പ്രതികരിച്ചില്ല.












