കൊച്ചി: മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ വിദേശനാണ്യ വിനിമയ നിയമം (ഫെമ) ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനെന്ന പേരിൽ ഒന്നരവർഷമായി ഇഡി സമൻസുകൾ അയച്ച് ഉദ്യോഗസ്ഥരെ ഇഡി ബുദ്ധിമുട്ടിക്കുകയാണെന്നും നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കിഫ്ബി ഹൈക്കോടതിയിൽ ഹർജി നൽകി.
ഒട്ടേറെ കാരണം കാണിക്കൽ നോട്ടിസുകൾ നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ ഫെമ പ്രകാരം പരാതി ഫയൽ ചെയ്തിട്ടില്ല. സമൻസിൽ തുടർ നടപടി സ്വീകരിക്കരുതെന്നു നിർദേശിക്കണമെന്നും കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.എം.ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജുല തോമസ് എന്നിവർ ഹർജിയിൽ ആവശ്യപ്പെട്ടു. മസാല ബോണ്ട് പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനു ഇഡിക്ക് പ്രഥമദൃഷ്ട്യാ അധികാരമില്ല.
അധികാരപരിധിക്കു പുറത്തുള്ളതും ഏകപക്ഷീയവും നിയമവിരുദ്ധവുമാണ് സമൻസുകൾ. അനുമതിയോടെയാണു മസാല ബോണ്ട് പുറപ്പെടുവിച്ചത്. മസാല ബോണ്ട് പുറപ്പെടുവിച്ചതിന്റെ ഭരണഘടനാപരമായ സാധുത സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയിട്ടുണ്ട്. രേഖകൾ കൈമാറാൻ മാത്രമാണ് ഇപ്പോൾ വിളിച്ചുവരുത്തുന്നത്. മൊഴി നൽകിയപ്പോൾ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശത്തിനു വിരുദ്ധമായി ഇഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെന്നും ഹർജിയിൽ അറിയിച്ചു.