ലോകമെങ്ങുമുള്ള മനുഷ്യരുടെ മാനസികാരോഗ്യത്തില്‍ കാര്യമായ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതായി നിരവധി പഠനങ്ങളാണ് പുറത്ത് വരുന്നത്. ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദവും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളും സമൂഹകവും രാഷ്ട്രീയവുമായ അസ്ഥിരതകളും സാധാരണക്കാരുടെ മാനസിക നിലയെ ഏറെ ദോഷകരമായി ബാധിക്കുന്നു. ദക്ഷിണ കൊറിയയിലും മറ്റും സാധാരണക്കാരുടെ മാനസികാരോഗ്യം നിലനിർത്താന്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂളിലും പൊതുസ്ഥലങ്ങളിലും വര്‍ദ്ധിവരുന്ന കൊലപാതകങ്ങളെ തുടർന്ന് യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളിലും മാനസീകാരോഗ്യത്തിന് വലിയ പ്രധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. ഇതിനിടെയാണ് യുഎസിലെ ജോര്‍ജിയില്‍ മാനസിക അസ്വാസ്ഥ്യത്തോടെ അൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറിയ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഏറ്റവും നല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ‘ഇന്‍വെസ്റ്റിഗേറ്റർ ഓഫ് ദി ഇയർ ‘ അവാർഡ് അടുത്തിടെ ലഭിച്ച 32 കാരനായ ഔബ്രി ഹോർട്ടറാണ് അയല്‍വാസിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍റെ അവസാന നിമിഷങ്ങള്‍ റെക്കോർഡ് ചെയ്ത സിസിടിവി കാമറാ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. 2024 ഒക്ടോബർ 4 ന് പുലർച്ചെ 5:08 നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളില്‍ ഷർട്ടിടാതെ അര്‍ദ്ധനഗ്നനായി, ചെരുപ്പ് പോലും ഇടാതെ വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്ന ഔബ്രിയുടെ ദൃശ്യങ്ങള്‍ കാണാം. പല സിസിടിവി ദൃശ്യങ്ങളിലായി അദ്ദേഹം ഓടി അയല്‍വാസിയുടെ വീട്ട് മുറ്റത്തെത്തുന്നു.
എന്നെ കൊല്ലൂ, എന്നെ രക്ഷിക്കൂ’ എന്ന് നിലവിളിച്ച് കൊണ്ട് വാതില്‍ തള്ളിത്തുറക്കാന്‍ അദ്ദേഹം ശ്രമിക്കുന്നെങ്കിലും നടന്നില്ല. പിന്നീട് അയൽവാസി വാതില്‍ തുറന്നതും അദ്ദേഹം വീട്ടിലേക്ക് അതിക്രമിച്ച് കയറി. ഇതിന് പിന്നാലെ വെടിയേറ്റ് സംഭവ സ്ഥലത്ത് വച്ച്തന്നെ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഔബ്രി ഹോർട്ടർ വീട്ടില്‍ നിന്നും ഓടിയപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് റിംഗ് ഡോർബെൽ ക്യാമറയിൽ നിന്ന് അലാറം ലഭിച്ചു. ഇതേ തുടര്‍ന്ന് അവരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും ഔബ്രി കൊല്ലപ്പെട്ടിരുന്നു.
അയൽവാസികള്‍ തമ്മില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും ഇരുവര്‍ക്കും തമ്മില്‍ പരിചയം പോലുമില്ലെന്ന് പോലീസ് പറയുന്നു. മാത്രല്ല ഔബ്രിക്കെതിരെ ഒരു ഗാര്‍ഹികപീഡന പരാതി പോലും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. അയല്‍വാസി സ്വയരക്ഷയ്ക്കായാണ് വെടിവച്ചതെന്നാണ് പോലീസ് ഭാഷ്യം. ഔബ്രി എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നം നേരിട്ടിരുന്നോയെന്ന അന്വേഷണത്തിലാണ് പോലീസ്. 2015 നവംബർ മുതൽ അറ്റ്ലാന്‍റ പോലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗമാണ് ഔബ്രി. കഴിഞ്ഞ ജൂലൈയിൽ കാണാതായ 21 കാരനായ ലിയോൺഡ്രെ ഫ്ലൈന്‍റിന്‍റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് ഔബ്രി ഹോർട്ടണ്‍ എറ്റവും നല്ല അന്വേഷകനുള്ള അവര്‍ഡ് നേടിയത്. അതേസമയം സൌമ്യനും പോലീസ് ഉദ്യോഗസ്ഥനുമായ തങ്ങളുടെ അയൽവാസി കൊല്ലപ്പെട്ട ഞെട്ടലിലാണ് പ്രദേശവാസികള്‍.