ഭോപ്പാൽ: ഭർതൃമാതാവിനെ കൊലപ്പെടുത്തിയ 24കാരിക്ക് വധശിക്ഷ. മധ്യപ്രദേശിലെ രേവ ജില്ലയിൽ 2022 ലാണ് സംഭവം നടന്നത്. 50കാരി സരോജ് കോളിയെ മരുമകൾ കാഞ്ചൻ കുത്തിക്കൊല്ലുകയായിരുന്നു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കാഞ്ചന് ശിക്ഷ വിധിച്ചത്. 2022 ജൂലൈ 12 നാണ് സംഭവം നടന്നത്. കുടുംബ കലഹത്തിന് പിന്നാലെയായിരുന്നു കൊലപാതകം. മംഗാവ സ്റ്റേഷൻ പരിധിയിലെ ആട്രൈല ഗ്രാമത്തിലാണ് സരോജും കാഞ്ചനും താമസിച്ചിരുന്നത്. 95-ലധികം തവണ സരോജിന് കുത്തേറ്റു. ഈ സമയത്ത് കാഞ്ചനും സരോജും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സരോജിന്‍റെ മകൻ വന്ന ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. സരോജിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പത്മ ജാതവാണ് കാഞ്ചൻ കോൾ കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചത്. സരോജിന്‍റെ ഭർത്താവ് വാൽമിക് കോളിനെതിരെ പ്രേരണാക്കുറ്റം ചുമത്തി കൂട്ടുപ്രതിയാക്കിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.