മൂന്നാർ: കുണ്ടളയിൽ ഒരു മാസം മുമ്പ് രണ്ട് കാട്ടുപോത്തുകളെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിൽ ആറുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി സ്വദേശി തെക്കേകൈതക്കൽ ഡിനിൽ സെബാസ്റ്റ്യൻ (34), കൂമ്പൻപാറ സ്വദേശി എം.ബി. സലിം (45), ആനച്ചാൽ ശല്യാംപാറ സ്വദേശി സി.എം. മുനീർ (33), കുണ്ടള സാൻഡോസ് കോളനിവാസികളായ പി. ശിവം (26), കെ. രഘു (28), എം. കുമാർ (26) എന്നിവരാണ് പിടിയിലായത്.
മാർച്ച് 17ന് പുലർച്ചെ കുണ്ടളക്ക് സമീപം ചെണ്ടുവരൈ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്നാണ് ഇവർ 600 കിലോവീതം തൂക്കം വരുന്ന രണ്ട് കാട്ടുപോത്തുകളെ വെടിവെച്ച് കൊന്ന് രണ്ട് വാഹനത്തിലായി ഇറച്ചി കടത്തിയത്.
റേഞ്ചർമാരായ പി.വി. വെജി (ദേവികുളം), ജോജി സൈമൺ (അടിമാലി), അരുൺ മഹാരാജ (മൂന്നാർ) എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികൾ സഞ്ചരിച്ച കാറും പിക്അപ് വാനും കസ്റ്റഡിയിലെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.