പടിഞ്ഞാറത്തറ : കിർമാണി മനോജും സംഘവും ലഹരിമരുന്നുപാര്‍ട്ടി നടത്തിയ വയനാട് മഞ്ഞൂറയിലെ റിസോര്‍ട്ടിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്. 50 പേര്‍ക്കു പകരം ഇരുന്നൂറോളം പേര്‍ പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ കൂടുതല്‍ ഗുണ്ടാനേതാക്കള്‍ പങ്കെടുത്തിരുന്നോ എന്ന അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്തെ പല പ്രധാന കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരെ ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കിർമാണി മനോജ് അടക്കം വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ 16 അംഗ ഗുണ്ടാ സംഘമാണ് റിസോർട്ടിലെ ലഹരി പാർട്ടിക്കിടെ ഇന്നലെ പിടിയിലായത്. ക്രിമിനൽ കേസുകളിൽ പ്രതിയായ കമ്പളക്കാട് മുഹ്സിൻ നടത്തിയ വിവാഹ വാർഷിക പാർട്ടിയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. 2019 ൽ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 600 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് മുഹ്സിൻ.
ക്രിമിനൽ സംഘം ഒത്തുകൂടിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നിർദേശ പ്രകാരം മാനന്തവാടി ഡിവൈഎസ്പി ടി.ചന്ദ്രൻ, കൽപറ്റ ഡിവൈഎസ്പി എം.ഡി. സുനിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.