കല്പറ്റ : ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുന്നതിൽ നേരിട്ട് പങ്കെടുത്ത കിർമാണി മനോജിന് ജയിലും ശിക്ഷയും വിവാദങ്ങളും പുത്തരിയില്ല. ക്വട്ടേഷൻ ആക്രമണങ്ങൾക്കിടെ പരിചയപ്പെട്ട സുഹൃത്തുകൂടിയായ കമ്പളക്കാട് മുഹസിന്റെ വിവാഹവാർഷികാഘോഷത്തിനെത്തിയത് സൗഹൃദത്തെ മാത്രം മുൻനിർത്തി. എന്നാൽ എൻ.ഡി.എം.എ.യും കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തതോടെ ചെറിയ കേസുകളിൽ ഉൾപ്പെട്ടതിന്റെ നാണക്കേടിലാണ് കിർമാണി മനോജെന്ന് പോലീസുകാർ പറഞ്ഞു. ചെറിയ കേസിലെല്ലാംപെട്ട് നാണക്കേടായല്ലോ എന്നാണ് അന്വേഷണോദ്യോഗസ്ഥരോടും അയാൾ പറഞ്ഞത്. മാധ്യമപ്രവർത്തകർക്കുമുമ്പിൽ മാസ്കിട്ട് മുഖം മറച്ചാണ് കിർമാണി മനോജ് പ്രത്യക്ഷപ്പെട്ടതും.
കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള ഇളവുകളുടെ ഭാഗമായാണ് വിയ്യൂരിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കിർമാണി മനോജ് പുറത്തിറങ്ങിയത്. 2021 മേയ് അഞ്ചിന് പരോളിൽ ഇറങ്ങിയ മനോജ് കഴിഞ്ഞ ഒമ്പതുമാസത്തോളമായി പുറത്താണ്. മനോജടക്കം 1201 പേർക്കാണ് പരോൾ അനുവദിച്ചിരുന്നത്. ഇതിനിടെ 2021 സെപ്റ്റംബറിൽ തിരിച്ചുകയറാൻ തടവുകാർക്ക് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ചില തടവുകാർ ഇതിനെതിരേ കോടതിയിൽ പോയി സ്റ്റേ വാങ്ങി. ഈ സ്റ്റേയുടെ ആനുകൂല്യം പറഞ്ഞാണ് മനോജ് പുറത്തു തുടർന്നത്. കിർമാണി മനോജ് ഉൾപ്പെടെയുള്ള സംഘം വിവാഹവാർഷികാഘോഷത്തിൽ പങ്കെടുക്കുമെന്ന സൂചന ലഭിച്ചതോടെ നേരത്തേതന്നെ റിസോർട്ടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ആർ.എസ്.എസ്. പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും കിർമാണി മനോജ് പ്രതിയാണ്.
ടി.പി. കേസ് വിചാരണക്കാലയളവിൽ ജയിലിൽ നിന്ന് ഫെയ്സ്ബുക്ക് ഉപയോഗിച്ചത് വിവാദമാവുകയും ആ കേസിലും വിചാരണ നേരിടുകയും ചെയ്തിരുന്നു. ജയിൽവേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളടക്കമാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കിട്ടത്. വിചാരണക്കാലയളവിൽപ്പോലും ടി.പി. വധക്കേസ് പ്രതികൾക്ക് മൊബൈലും മറ്റു സൗകര്യങ്ങളും ജയിലിൽ ലഭിച്ചത് വലിയ രാഷ്ട്രീയവിവാദങ്ങൾക്കും വഴിവെച്ചിരുന്നു.