കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ നിസാര വകുപ്പുകൾ ചുമത്തപ്പെട്ട 123 തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് കിറ്റെക്സ് കമ്പനി. അന്തിമകുറ്റപത്ര൦ സമർപ്പിച്ച കേസിൽ നിയമോപദേശം അനുസരിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് കിറ്റെക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
തൊഴിലാളികൾ ഒരു പൊലീസ് ജീപ്പ് കത്തിക്കുകയും രണ്ട് ജീപ്പുകൾ അടിച്ച് തകർക്കുകയും ചെയ്തു. കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്തുമസ് കരോള്‍ നടത്തിയിരുന്നു. മദ്യലഹരിയിൽ ഇവർ തമ്മിൽ തർക്കം ഉണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ട. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിക്കുകയും ചെയ്തിരുന്നു. തൊഴിലാളികള്‍ ഒരു വാഹനം പൂർണമായി കത്തിക്കുകയും രണ്ട് വാഹനങ്ങള്‍ അടിച്ച് തകർക്കുകയും ചെയ്തിരുന്നു.