തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലമായ കിഴക്കേക്കോട്ടെ ഇനി അനായാസം കടക്കം. ഉത്സവാന്തരീക്ഷത്തിൽ തിരുവനന്തപുരം കിഴക്കേക്കോട്ട കാൽനട മേൽപ്പാലം തുറന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം സെൽഫി പോയിന്‍റ് തുറന്ന് നൽകിയ നടൻ പൃഥ്വിരാജായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും ഗതാഗത തിരക്കേറിയ ബസ് സ്റ്റോപ്പിൽ ഇനി മുതൽ അനായാസം റോഡ് മുറിച്ചുകടക്കാമെന്നതാണ് മേൽപ്പാലത്തിന്‍റെ ഗുണം. 4 കോടി രൂപ ചെലവിൽ 104 മീറ്റര്‍ നീളത്തിൽ പണിത കാൽനടമേൽപ്പാലമാണ് ജനങ്ങൾക്ക് സ്വന്തമായത്. ഒട്ടേറെ പ്രത്യേകതകളാണ് മേൽപ്പാലത്തിനുള്ളത്. ചവിട്ടുപടി കയറാൻ ബുദ്ധിമുട്ടുള്ളവര്‍ ലിഫ്റ്റ്, സി സി ടി വി ക്യാമറകൾ, പൊലീസ് സഹായ കേന്ദ്രം, ക്ലോക്ക് ടവര്‍, മഹാത്മാക്കളുടെ ഛായാചിത്രങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് മാറ്റ് കൂട്ടുന്നു.
അതേസമയം ഉദ്ഘാടന ചടങ്ങിൽ സെൽഫി പോയിന്‍റ് സമർപ്പിക്കാനെത്തിയ നടൻ പൃഥ്വിരാജായിരുന്നു ഏറ്റവുമധികം കയ്യടി നേടിയത്. തിരുവനന്തപുരത്ത് നിന്ന് പ്രശസ്തിയുടെ കൊടുമുടികയറിയവരുടെ ചിത്രങ്ങൾ ഉൾക്കൊളളുന്ന അഭിമാന സ്ഥലാണ് മേൽപ്പാലത്തിലെ ഈ സെൽഫി പോയിന്‍റ്. എൽ ഷെയ്പ്പിൽ രൂപകൽപ്പന ചെയ്ത അന്തപുരിയുടെ പുതുക്കോട്ടയുടെ പരിപാലചനച്ചുമതലയും കരാര്‍ കമ്പനിക്കാണ്.