വടകര: കുഞ്ഞനന്തനെ ന്യായീകരിച്ച കെ.കെ. ഷൈലജ തനിക്കെതിരെ സൈബർ ആക്രമണവും അധിക്ഷേപവും ഉണ്ടായപ്പോൾ മൗനിയായിരുന്നുവെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. മൗനിയായി ഇരുന്ന ആൾക്ക് വ്യത്യസ്ത നിലപാട് ഉണ്ടായിരുന്നുവെന്ന് എങ്ങനെ വിശേഷിക്കാൻ സാധിക്കുക. പി.ആർ. വർക്കിന്‍റെ ഭാഗമായി ഉയർത്തി കൊണ്ടുവരുന്ന ഇമേജ് ആണിതെന്നും കെ.കെ. രമ പറഞ്ഞു.
ഷാഫി പറമ്പിൽ ഒന്നര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കും. വലിയ തരംഗമാണ് വടകരയിലുള്ളത്. ഷാഫി നാമനിർദേശ പത്രിക കൊടുക്കുന്നത് വനിതകളുടെ നേതൃത്വത്തിൽ ആയിരിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.
വടകരയിൽ ടി.പി എന്നത് പ്രധാന ഘടകമാണ്. ടി.പി. വിഷയം ഇനി ഉയർന്നു വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് സി.പി.എം നേതാക്കൾ. ടി.പി ചർച്ചയാകുമ്പോൾ അതിന്‍റെ പ്രതിരോധിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്.
കെ.കെ. ഷൈലജക്കെതിരെ മോർഫിങ് നടത്തിയെന്ന ആരോപണം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഒരാൾക്കെതിരെയും അധിക്ഷേപം ഉണ്ടാകരുതെന്നാണ് തന്‍റെ നിലപാട്. അത്തരത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തെറ്റാണെന്നും അതിനെതിരെ പ്രതികരിക്കുമെന്നും കെ.കെ. രമ വ്യക്തമാക്കി.