കൊച്ചി : എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. സഹിക്കാനാകാത്ത ക്രൂരതയാണിതെന്ന് ശൈലജ പറഞ്ഞു. അച്ഛനമ്മമാർ പോലും കുഞ്ഞുങ്ങള്‍ക്ക് തുണയാകുന്നില്ല എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്ന് ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. ‘സഹിക്കാനാകാത്ത ക്രൂരതയാണ് ഈ സംഭവം. എറണാകുളത്ത് കോലഞ്ചേരിയില്‍ ഒരു കുഞ്ഞോമനയെ അമ്മ പുഴയില്‍ എറിഞ്ഞു കൊന്നു എന്ന വാര്‍ത്ത മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ പിതൃ സഹോദരന് ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്ന വാര്‍ത്ത കൂടി വരുന്നത്. നമ്മുടെ കുടുംബങ്ങള്‍ അടഞ്ഞ സ്വകാര്യ ഇടങ്ങളായി മാറുകയും അതിലെ അംഗങ്ങള്‍ യാതൊരു സാമൂഹ്യബോധമോ പ്രതിബദ്ധതയോ ഇല്ലാത്തവരായി ജീവിക്കുകയും ചെയ്യുമ്പോള്‍ അകത്തളങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന നരകയാതനകളാണ് പുറത്തുവരുന്നത്. അച്ഛനമ്മമാർ പോലും അവര്‍ക്ക് തുണയാകുന്നില്ല എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്’, ശൈലജ പറഞ്ഞു.