ന്യൂഡല്ഹി: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ മദ്യപിച്ച് അമിതവേഗത്തിൽ വാഹനമിടിച്ചുകൊന്ന കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം റദ്ദാക്കണമെന്ന ആവശ്യം ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവുകളുടെ അടിസ്ഥാനത്തിൽ നരഹത്യ കുറ്റത്തിൽ വിചാരണക്കോടതി വിചാരണ നടത്തണമെന്നും പ്രതിക്കെതിരെ ഹൈകോടതി നടത്തിയ നിരീക്ഷണങ്ങൾ വിധിയെ സ്വാധീനിക്കേണ്ടതില്ലെന്നും വ്യക്തമാക്കി കേരള ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനം ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിതവേഗത്തിലാണ് ഓടിച്ചതെന്നും അപകടശേഷം തെളിവു നശിപ്പിക്കാൻ ശ്രമിച്ചുവെന്നും മദ്യപരിശോധന നടത്തുന്നതിൽനിന്ന് പ്രതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചുവെന്ന വാദം തള്ളാനാകില്ലെന്നും ഹൈകോടതി ഉത്തരവിൽ പരാമർശിച്ചത് പ്രതിക്കുവേണ്ടി ഹാജരായ മുൻ കേരള ഹൈകോടതി ജഡ്ജിയും മുതിർന്ന അഭിഭാഷകനുമായ ആർ. ബസന്ത് ചോദ്യംചെയ്തു.
വിചാരണക്കോടതി കേസിന്റെ എല്ലാ വശങ്ങളും പരിഗണിച്ചുവെന്നും അശ്രദ്ധമായ ഡ്രൈവിങ് മാത്രമാണ് വിചാരണക്കോടതി ചൂണ്ടിക്കാട്ടിയ വലിയ തെറ്റെന്നും അതുകൊണ്ടാണ് നരഹത്യ കുറ്റം ഒഴിവാക്കിയതെന്നും ബസന്ത് വാദിച്ചു. ഇതൊരു അപകടമായിരുന്നുവെന്നും ഹൈകോടതി നടത്തിയ എല്ലാ നിരീക്ഷണങ്ങളും കേസിൽ മുൻധാരണയുണ്ടാക്കാനിടയുള്ളതാണെന്നും ബസന്ത് തുടർന്നു. കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട് തങ്ങൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഹൈകോടതി വിധിയിൽ ഇടപെടാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി പ്രതികരിച്ചു.
എന്നാൽ ശ്രീറാമിന്റെ ശരീരത്തിൽ ആൽക്കഹോളിന്റെ അംശമുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈകോടതി വിധിയിലുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ബഷീറിനെ കാറിടിച്ച വേളയിൽ ശ്രീറാമിനെ ആൽക്കഹോൾ പരിശോധന നടത്താത്തതുകൊണ്ടാണ് നരഹത്യക്കുള്ള മറ്റു സാഹചര്യത്തെളിവുകൾ പരിശോധിക്കണമെന്ന് ഹൈകോടതി പറഞ്ഞത്.
അത്തരം വസ്തുതകളും സാഹചര്യത്തെളിവുകളും കൂടി പരിഗണിക്കാനാണ് ഹൈകോടതിയുടെ നിരീക്ഷണങ്ങളെന്നും വിചാരണ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ നിരീക്ഷണങ്ങൾ വിചാരണക്കോടതിയിലെ നടപടികളെ സ്വാധീനിക്കരുതെന്ന് ഹരജി തള്ളിയ ഉത്തരവിൽ രേഖപ്പെടുത്തണമെന്ന അഭിഭാഷകന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
2019 ആഗസ്റ്റ് മൂന്നിനു പുലർച്ചയാണ് ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിലോടിച്ചുവന്ന സ്വന്തം വാഹനം സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനു മേൽ ഇടിച്ചുകയറ്റിയത്. ബഷീർ തൽക്ഷണം മരിക്കുകയും ചെയ്തു.