കോട്ടയം : പാലായിലെ സർക്കാർ ആശുപത്രിക്ക് കെഎം മാണിയുടെ പേര് നൽകിയതിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് കേരള കോൺഗ്രസ് എം. മാണിയെ കോഴ മാണി എന്ന് വിളിച്ചതിനുള്ള ഇടതുമുന്നണിയുടെ പ്രായശ്ചിത്തമാണ് ആശുപത്രിയുടെ പേരിടീൽ എന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ പരിഹാസം. പാലാ ആശുപത്രിയുടെ പേര് മാറ്റിയുള്ള സർക്കാർ തീരുമാനം വന്ന ശേഷവും രാഷ്ട്രീയ പോര് തുടരുകയാണ്.
ആശുപത്രിക്ക് മാണി സാറിന്റെ പേരിടാനുള്ള മന്ത്രിസഭാ തീരുമാനത്തിനു തൊട്ടു പിന്നാലെ പാലാ മുൻസിപ്പൽ ചെയർമാനും സംഘവും സ്ഥലത്തെത്തി, ബോർഡുയർത്തി. കെഎം മാണി സ്മാരക ആശുപത്രി. ആശുപത്രിയുടെ പേരിടലിനെ ചൊല്ലി അൽപം രാഷ്ട്രീയ വിവാദങ്ങളൊക്കെ ഉയർന്നിരുന്നെങ്കിലും ഇപ്പോഴത്തെ പേരു മാറ്റത്തിൽ രാഷ്ട്രീയം കാണണ്ടന്നാണ് മാണി സാറിന്റെ പാർട്ടിക്കാരുടെ പക്ഷം.
കെഎം മാണി യുഡിഎഫ് സർക്കാരിൽ മന്ത്രിയായ കാലത്താണ് ആശുപത്രി വികസനം നടന്നതെന്ന് അവകാശപ്പെടുന്ന ജോസഫ് ഗ്രൂപ്പ് പേരു മാറ്റത്തിന്റെ പേരിൽ ഇടതുമുന്നണിയെ പരിഹസിക്കുകയാണ്. മുൻ കെ പി സി സി പ്രസിഡന്റ് കെഎം ചാണ്ടിയുടെ പേര് ആശുപത്രിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്ന പാലായിലെ കോൺഗ്രസാവട്ടെ സർക്കാർ തീരുമാനം അംഗീകരിക്കുന്നെന്നും പ്രഖ്യാപിച്ചു.നേരത്തെ പാലാ ബൈപാസ് റോഡിനും കെ എം മാണിയുടെ പേര് നൽകിയിരുന്നു. കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാരാണ് ബൈപാസിന് മാണിയുടെ പേര് നല്‍കിയത്.