മലപ്പുറം: മന്ത്രി വീണാ ജോര്‍ജിനെതിരെയുള്ള പരാമര്‍ശത്തില്‍ കെ.എം ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷന്‍ നടപടിയെ പരിഹസിച്ച് പികെ അബ്ദു റബ്ബ്. ഇരട്ടച്ചങ്കന്റെ വനിതാ കമ്മീഷന് ഹൈസ്പീഡ് ഇരട്ടത്താപ്പ് എന്നാണ് അബ്ദു റബിന്റെ പ്രതികരണം. ”പൂതനയെന്ന് കേട്ടിട്ടും, അഭിസാരികയെന്ന് കേട്ടിട്ടും മറ്റേ പണി എന്ന് കേട്ടിട്ടും പാലത്തായി എന്ന് കേട്ടിട്ടും വാളയാര്‍ എന്ന് കേട്ടിട്ടും. അവസാനം സിനിമാ നടന്‍ അലന്‍സിയര്‍ വരെ വന്ന് വിളിച്ചുണര്‍ത്താന്‍ നോക്കിയിട്ടും ഉണരാത്ത വനിതാ കമ്മീഷനാണ് സാധനം എന്ന് കേട്ടപ്പോള്‍ ഞെട്ടിയുണര്‍ന്നിരിക്കുന്നത്. ഇരട്ടച്ചങ്കന്റെ വനിതാ കമ്മീഷന് ഹൈസ്പീഡ് ഇരട്ടത്താപ്പ്!”-അബ്ദു റബ്ബ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് വനിതാ കമ്മീഷന്‍ ഷാജിക്കെതിരെ കേസെടുത്തത്. മന്ത്രി വീണ ജോര്‍ജിനെതിരെ ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ എം ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന് വരേണ്ടതുണ്ടെന്നും കമ്മീഷൻ പറഞ്ഞിരുന്നു.
‘അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച ‘സാധനം’ എന്ന വാക്ക് തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍. മുന്‍പ് നമ്പൂതിരി സമുദായത്തിനിടയില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയില്‍ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’ എന്നത്. കെ എം ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍.’ ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെ എം ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയാറാവണമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു.
അതേസമയം, കെഎം ഷാജിയുടെ അധിക്ഷേപ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നാണ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. കെ.എം ഷാജിയോട് മറുപടി പറയാനില്ല. തനിക്ക് ജോലിത്തിരക്കുണ്ടെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.