കോഴിക്കോട്: 25 ലക്ഷം ഇ ഡിക്ക് ഹദിയ (ദാനം) നൽകിയ ഷാജിയുടേതാണ് കാമിലാ ഈമാൻ (കലർപ്പില്ല ത്ത വിശ്വാസം), മുത്താണ് ഷാജി, ലീഗിന്റെ ഖൽബാണിവൻ- പ്ലസ് ടു കോഴയുടെ പേരിൽ മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറി കെ എം ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇ ഡി തീരുമാനം വന്നതോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിലൊന്നാണിത്.
‘എന്റെ പാർടിക്ക് എന്റെ ഹദിയ’ എന്ന പേരിൽ മുസ്ലിംലീഗ് റംസാൻ മാസത്തിൽ നടത്തുന്ന പ്രവർത്തന ഫണ്ട് കാമ്പയിനെ സൂചിപ്പിച്ചാണ് ഷാജിക്കെതിരായ പരിഹാസങ്ങൾ. വിശുദ്ധമാസത്തിൽ ദാനം പാർടിക്ക് എന്നതാണ് ലീഗ് പ്രചരണം. സംസ്ഥാന സെക്രട്ടറിയും കുടുംബവും ഇഡിക്ക് 25 ലക്ഷം നൽകി. കലർപ്പില്ലാത്ത ഈ വിശ്വാസമാണ് മാതൃകാപരമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പടരുന്ന ട്രോൾവർഷം.
എന്റെ ഇഞ്ചിക്കൃഷി ചതിച്ചേ എന്ന വിലാപവും പ്രചരിക്കുന്നുണ്ട്. ലീഗ് പ്രവർത്തകർ ആവേശത്തോടെ പ്രചരിപ്പിച്ചിരുന്ന ‘‘ഒരിക്കലും എന്റെ പേരിൽ തലകുനിക്കേണ്ടവരില്ല’’ എന്ന് തുടങ്ങുന്ന ഷാജിയുടെ പ്രസംഗവും വൈറലായിട്ടുണ്ടിപ്പോൾ.












