കോഴിക്കോട് : പോപ്പുലർ ഫ്രണ്ടിൽ നിന്നുള്ളവരെ മുസ്ലിംലീഗിലെത്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പോപ്പുലർ ഫ്രണ്ടിൽ ‘പെട്ടുപോയവരെ’ ലീഗിലെത്തിക്കാൻ ശ്രമിക്കണമെന്നാണ് കെ എം ഷാജിയുടെ നിർദ്ദേശം. പിഎഫ്ഐയിൽ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാദ്ധ്യതകൾ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്. തെറ്റിദ്ധാരണകൾ മാറ്റി അവരെ തിരികെ കൊണ്ട് വരണമെന്നും ഷാജി കോഴിക്കോട്ട് പറഞ്ഞു.
അതേ സമയം പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ ആവർത്തിക്കുന്നത്. ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നും നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്ന് മുനീർ വ്യക്തമാക്കി. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ലെന്നും മുനീർ കൂട്ടിച്ചേർത്തു. നിരോധനം സ്വാഗതം ചെയ്ത മുനീർ, നിലപാട് മാറ്റിയതായി പി എം എ സലാം പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുനീറിന്റെ പ്രതികരണം.
പോപ്പുലർ ഫ്രണ്ട് നിരോധന വിവരം പുറത്ത് വന്നതിന് പിന്നാലെ നടപടിയെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറായിരുന്നു ആദ്യം രംഗത്തെത്തിയത്. മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെയാണെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണമെന്നാവശ്യപ്പെട്ട മുനീർ, തിരുത്തൽ വരുത്തണമെന്നും നിർദ്ദേശിച്ചിരുന്നു.
എന്നാൽ പിഎംഎ സലാമിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതു സംശയാസ്പദമെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി സലാമിന്റെ പ്രതികരണം. നിരോധനം പുറത്തു വന്ന ഉടൻ ലീഗ് നേതാക്കൾ പലരും ആദ്യം പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങളെ കൃത്യമായി വിലയിരുത്തിയ ശേഷം വളരെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പി.എം.എ.സലാം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുനീർ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അസന്നിഗ്ധമായി അറിയിച്ചത്.