തിരുവനന്തപുരം: എസ്ഡിപിഐയുടെ നേതാക്കൾക്കെതിരെ നടത്തുന്ന നടപടി നീതീയല്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. തീവ്രവാദത്തിൻ്റെ കനലിൽ എണ്ണയൊഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയതിന് നേരിൽ സാക്ഷിയാണ്. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാജമാണന്ന് കളവു പറഞ്ഞവരാണ് പൊതുമുതൽ നശിപ്പിച്ചതിൻ്റെ പേരിൽ ജപ്തി നടത്തുന്നത്. എല്ലാ പാർട്ടികളോടും തുല്ല്യനീതി വേണമെന്നും ലീഗ് നേതാവ് പറഞ്ഞു.
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി തുടരുകയാണ്. ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുവകകളാണ് സർക്കാർ കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. സ്വത്ത് കണ്ടുകെട്ടാൻ ജില്ലാകളക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാൻഡ് റവന്യൂ കമ്മീഷണര്‍ നൽകിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്‍റെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയിൽ നൽകും.
സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കൾ ജപ്തി ചെയ്തിരുന്നു. സെപ്റ്റംബറിൽ പോപ്പുലര്‍ഫ്രണ്ട് നടത്തിയ മിന്നൽ ഹര്‍ത്താലിലുണ്ടായ നഷ്ടപരിഹാരം ഈടാക്കാൻ 14 ജില്ലകളിലായി 60ഓളം നേതാക്കളുടെ വീടും സ്ഥലങ്ങളുമാണ് ജപ്തി ചെയ്തത്. നാളെ വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ജപ്തി പൂർത്തിയാക്കാനാണ് ലാൻഡ് റവന്യൂ കമ്മീഷണർ ജില്ലാ കലക്ടർമാർക്ക് നൽകിയ നിർദ്ദേശം. ഹൈക്കോടതി അന്ത്യശാസനം നൽകിയതോടെയാണ് മുൻകൂർ നോട്ടീസില്ലാതെ അതിവേഗ ജപ്തി.
പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസില്‍ ആളുമാറി ജപ്തി ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. കോടതി പറഞ്ഞുവെന്ന് വച്ച് ആരെയെങ്കിലും കിട്ടിയാൽ മതിയോ എന്ന് ചോദിച്ച കുഞ്ഞാലിക്കുട്ടി, കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്നതാണ് നയമെന്നും ചോദിച്ചു.
ആരെയെങ്കിലും രക്ഷിക്കാനുള്ള പരിപാടിയാണോ എന്നും പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. വിഷയത്തെ ലീഗ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പിഎഫ്ഐയെ മുൻ നിരയിൽ നിന്ന് എതിർക്കുന്നവരാണ് ഞങ്ങൾ. നിരപരാധികളെ കാര്യമില്ലാതെ ഉപദ്രവിക്കുന്നത് നോർത്ത് ഇന്ത്യൻ മോഡലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.