തിരുവനന്തപുരം: തനിക്കൊപ്പം യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാന്‍ വന്നില്ലെന്ന ആക്ഷേപം ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. ഉന്നയിക്കാത്ത വിഷയത്തിനു മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ പൊതുവായ താല്പര്യമുയര്‍ത്തിപ്പിടിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അര്‍ഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കണമെന്ന പൊതു തീരുമാനത്തില്‍ നിന്ന് യുഡിഎഫ് എംപിമാര്‍ പിന്മാറിയത് ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും വിഷയത്തില്‍ ഒരു നിവേദനം കേന്ദ്ര ധനകാര്യ മന്ത്രിയ്ക്ക് സമര്‍പ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നു. ഇതിനായി വിശദമായ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാനോ നിവേദക സംഘത്തിന്റെ ഭാഗമാകാനോ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല എന്നതായിരുന്നു താന്‍ ഉന്നയിച്ച പ്രശ്നമെന്നും ബാലഗോപാല്‍ വിശദീകരിച്ചു.