പാരിസ് : ഈഫൽ ടവറിന് സമീപത്തെ കത്തിയാക്രമണത്തിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ജർമനിയിൽ നിന്നുള്ള വിനോദ സഞ്ചാരിക്കാണ് പാരീസ് സന്ദർശനത്തിനിടെ ദാരുണാന്ത്യം സംഭവിച്ചത്. പാരിസിന്റെ മധ്യഭാഗത്തുള്ള ഈഫൽ ടവർ സന്ദർശിക്കാനെത്തിയ ദമ്പതികൾക്ക് നേരെയാണ് അജ്ഞാതനായ അക്രമി കത്തിയാക്രമണം നടത്തിയത്. ഫിലിപ്പീന്‍സിൽ ജനിച്ച ജർമ്മന്‍ വിനോദ സഞ്ചാരിയാണ് കൊല്ലപ്പെട്ടതെന്നാണ് ഫ്രാന്‍സ് ആഭ്യന്തര കാര്യ മന്ത്രി ജെറാൾഡ് ഡർമാനിന്‍ ഞായറാഴ്ച വിശദമാക്കിയത്.
ശനിയാഴ്ച വൈകീട്ട് പ്രാദേശിക സമയം 7 മണിയോടെയാണ് ആക്രമണമുണ്ടായത്. മാനസികാരോഗ്യപരമായ വെല്ലുവിളികൾക്ക് ചികിത്സ തേടിയിരുന്ന വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അധികൃതർ വിശദമാക്കുന്നത്. 26 വയസുള്ള ഫ്രെഞ്ച് സ്വദേശിയെ പോലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അന്തർ ദേശീയ മാധ്യമ റിപ്പോർട്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2016 ൽ സമാന സംഭവത്തിൽ ഇയാൾ നാല് വർഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അന്തർദേശീയ മാധ്യമങ്ങളോട് ജെറാൾഡ് ഡർമാനിന്‍ പ്രതികരിച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.