നാം എന്താണ് കഴിക്കുന്നത് എന്ന് തന്നെയാണ് വലിയൊരു പരിധി വരെ നമ്മെ നിര്‍ണയിക്കുന്നത്. ശാരീരിക- മാനസികാരോഗ്യ കാര്യങ്ങളെ നേരിട്ടും അല്ലാതെയുമെല്ലാം അത്രമാത്രം ഭക്ഷണം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യപരമായ- ഓരോരുത്തര്‍ക്കും അനുയോജ്യമായ ഡയറ്റ് തന്നെ നാം തെരഞ്ഞെടുക്കേണ്ടതുണ്ട്.
എന്തായാലും അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ ഭക്ഷണത്തില്‍ നഷ്ടമാകാതെ നോക്കേണ്ടത് പ്രധാനമാണ്. ഈ പ്രശ്നമൊഴിവാക്കാൻ പ്രാഥമികമായി ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് സാധിക്കും. ഇങ്ങനെ ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് മാതളം. ഇത് പതിവായി കഴിക്കുന്നത് കൊണ്ട് പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും അകറ്റാൻ സാധിക്കും. അത്തരത്തില്‍ മാതളം അകറ്റിനിര്‍ത്തുന്ന രോഗങ്ങളെ കുറിച്ചും ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുമാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ചിലയിനം ക്യാൻസറുകളെ ചെറുക്കാൻ മാതളത്തിന് സാധിക്കുമത്രേ. പതിവായി ഇത് കഴിച്ചാല്‍ ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ഫ്ളേവനോയിഡുകളും പ്രോസ്റ്റേറ്റ്, സ്തനം, ശ്വാസകോശം, മലാശയം എന്നിങ്ങനെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകളെ ചെറുക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
രണ്ട്…
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാതളത്തിന് സാധിക്കുമത്രേ. മാതളത്തിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ആണ് ഇതിന് സഹായകമാകുന്നത്. ബിപി നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണത്രേ. ഇതും ഹൃദയത്തിന് ഗുണകരമായി വരുന്നു.
മൂന്ന്…
ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയോ, ശരീരത്തിന് ഇൻസുലിൻ ഹോര്‍മോണ്‍ വേണ്ടുംവിധം ഉപയോഗിക്കാൻ സാധിക്കുകയോ ചെയ്യാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ഇത്തരത്തില്‍ ഇൻസുലിനുമായി ബന്ധപ്പെട്ടുവരുന്ന പ്രശ്നം പരിഹരിക്കാൻ മാതളത്തിന് കഴിയും. അതിനാല്‍ തന്നെ പ്രമേഹത്തെ ചെറുക്കാനും പ്രമേഹമുള്ളവര്‍ക്ക് ആശ്വാസമാകാനും ഈ പഴത്തിന് സാധിക്കുന്നു.
നാല്…
മൂത്രത്തില്‍ കല്ലിനെ ചെറുക്കുന്നതിനും മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ തന്നെയാണിതിന് സഹായകമാകുന്നത്.
അഞ്ച്…
പ്രമേഹത്തിലെന്നത് പോലെ കൊളസ്ട്രോളിനും മാതളം നല്ലതാണ്. ശരീരത്തില്‍ ചീത്ത കൊഴുപ്പടിയുന്നതാണ് ( ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ ) കൊളസ്ട്രോളിന് കാരണമാകുന്നത്. ഇത് തടയാൻ മാതളത്തിന് സാധിക്കുന്നു. മാത്രമല്ല, നല്ല കൊഴുപ്പ് ( ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ) വര്‍ധിപ്പിക്കുന്നതിനും ഇവ സഹായകമാണത്രേ.
ആറ്…
വിവിധ അണുബാധകളെയും പ്രത്യേകിച്ച് ബാക്ടീരിയല്‍ ആക്രമണങ്ങളെയും ചെറുക്കാൻ മാതളത്തിന് സാധിക്കുന്നു. മാതളത്തിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കല്‍സ് ആണ് ഇതിന് സഹായകമാകുന്നത്.
ഏഴ്…
തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളം പതിവായി കഴിക്കുന്നത് സഹായിക്കും. ഭാവിയില്‍ അല്‍ഷിമേഴ്സ് പോലെ, അല്ലെങ്കില്‍ പാര്‍ക്കിൻസണ്‍സ് രോഗം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ ചെറുക്കുന്നതിനും മാതളം ഏറെ സഹായകമാണത്രേ.