നാം എന്തുതരം ഭക്ഷണമാണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് നിര്‍ബന്ധണാണ്. ഇക്കൂട്ടത്തില്‍ എപ്പോഴും പറയാറുള്ളതാണ്, ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുകയെന്നത്. സീസണലായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറിയുമാണ് ഏറെ നല്ലത്. ഇത്തരത്തില്‍ സീസണലായി ലഭിക്കുന്നൊരു ഫ്രൂട്ട് ആണ് സപ്പോട്ട. ചിലര്‍ക്ക് സപ്പോട്ടയുടെ രുചി പിടിക്കാറില്ല. എങ്കിലും മിക്കവാറും പേരും സപ്പോട്ട കിട്ടിയാല്‍ കഴിക്കാനിഷ്ടപ്പെടുന്നവര്‍ തന്നെയാണ്. ഈ പഴം സത്യത്തില്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
- ഒന്ന്…
- സപ്പോട്ട ഫൈബറിന്‍റെ മികച്ചൊരു ഉറവിടമായതിനാല്‍ തന്നെ ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നു. അതിനാല്‍ പതിവായി ദഹനപ്രശ്നങ്ങള്‍ നേരിടുന്നവരെ സംബന്ധിച്ച് സപ്പോട്ട ആശ്വാസമായിരിക്കും.
- രണ്ട്…
- വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താൻ അനുയോജ്യമായൊരു വിഭവമാണ് സപ്പോട്ട. കാരണം ഇതില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് വിശപ്പിനെ ശമിപ്പിക്കുകയും മറ്റ് ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ദഹനം സുഗമമാക്കുന്നു എന്നതും വണ്ണം കുറയ്ക്കാൻ സഹായകമായിട്ടുള്ള കാര്യം തന്നെ.
- മൂന്ന്…
- നമുക്ക് ക്ഷീണവും അലസതയും തോന്നുന്ന സമയത്ത് സപ്പോട്ട കഴിക്കുകയാണെങ്കില്‍ അത് ‘എനര്‍ജി’ അല്ലെങ്കില്‍ ഉന്മേഷം പകര്‍ന്നുതരും. സപ്പോട്ടയില്‍ അടങ്ങിയിരിക്കുന്ന, കാര്യമായ അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ് ആണിതിന് സഹായകമാകുന്നത്.
- നാല്…
- വൈറ്റമിൻ ഇ, വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയാല്‍ സമ്പന്നമായതിനാല്‍ തന്നെ സപ്പോട്ട കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അഴകിനുമെല്ലാം പ്രയോജനപ്രദമാണ്.
- അഞ്ച്…
- കണ്ണിന്‍റെ ആരോഗ്യത്തിനും സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്. സപ്പോട്ടയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ -എ ആണിതിന് സഹായിക്കുന്നത്.