കൊച്ചി: നരബലിക്കേസിലെ അന്വേഷണ മികവിൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ് കൊച്ചി സിറ്റി പൊലീസ്. പതിവ് വയർലെസ് മീറ്റിങ്ങിനിടെ കേട്ട തിരോധാന കേസിൽ ഡിസിപി എസ്. ശശിധരന് തോന്നിയ ചില സംശയങ്ങളാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന നരബലിയുടെ ചുരുളഴിച്ചത്. നിരന്തരം കൊലപാതക കേസുകളിൽ കൊച്ചി പൊലീസ് വിമർശനം കേൾക്കുമ്പോഴാണ് നരബലിക്കേസിലുടെ കൊച്ചി പൊലീസ് മികവ് വീണ്ടെടുക്കുന്നത്.
ഡിസിപി ശശിധരന് ചില കേസുകളിൽ ഇങ്ങനെ കുറെ തോന്നലുകൾ ഉണ്ടാകും. ആ തോന്നലുകൾക്ക് പിന്നാലെ ശശിധരൻ സഞ്ചരിക്കും. കീഴ് ഉദ്യോഗസ്ഥർക്ക് എല്ലാം രേഖാമൂലം വിവരങ്ങൾ നൽകുന്നതാണ് കൊച്ചി ഡിസിപിയുടെ ശൈലി. എല്ലാം രേഖയാക്കുന്ന ഉദ്യോഗസ്ഥന് മുന്നിൽ ഉഴപ്പാൻ പിന്നെ കീഴ് ഉദ്യോഗസ്ഥർക്കും കഴിയില്ല. സെപ്റ്റംബർ അവസാനം ഒരു പതിവ് വയർലെസ് മീറ്റിങ്ങിനിടെയാണ് കടവന്ത്ര പൊലീസിൽ പത്മയുടെ സഹോദരിയുടെ പരാതി ശശിധരന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. നൂറ് കണക്കിന് ഫോണ്‍ കോളുകളുടെ വിശദാംശങ്ങൾ, സിസിടിവി ദൃശ്യങ്ങൾ കൊച്ചി പൊലീസ് പിന്നീട് നടത്തിയത് ഏറ്റവും സൂക്ഷ്മതയേറിയ അന്വേഷണം.
കേസെടുത്ത് രണ്ടാഴ്ച കൊണ്ട് കടവന്ത്ര പൊലീസ് അന്വേഷണത്തിന്‍റെ ക്ലൈമാക്സ് തൊട്ടു. കാലടി പൊലീസിൽ റോസിയുടെ തിരോത്ഥാന കേസ് മൂന്ന് മാസമായിട്ടും അനങ്ങാതെ കിടക്കുമ്പോഴായിരുന്നു കടവന്ത്ര പൊലീസ് രണ്ടാഴ്ച്ചകൊണ്ട് രണ്ട് കേസുകളുടെ ചുരുളഴിച്ചത്. അന്വേഷണം രഹസ്യാത്മകാക്കുന്നതിൽ, തെളിവുകൾ ശേഖരിക്കുന്നതിൽ പ്രതികളെ റഡാറിൽ നിർത്തുന്നതിൽ അസാധാരണമായ കയ്യടക്കമാണ് കൊച്ചി പൊലീസ് കാട്ടിയത്. കൊച്ചി പൊലീസ് കമ്മീഷണർ നാഗരാജു എല്ലാ വിവരങ്ങളും അപ്പപ്പോൾ പരിശോധിക്കുന്നുണ്ടായിരുന്നു. ഓരോ ആഴ്ചയിലും കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ലഹരികേസുകളിലും കൊലപാതക കേസുകളിലും കൊച്ചി പൊലീസ് പഴി കേൾക്കുന്നതിടെയാണ് സേനയുടെ ആത്മവീര്യം ഉയർത്തുന്ന നരബലി കേസ് റിപ്പോർട്ട്.