കൊച്ചി: എംജി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. എംജി റോഡിലെ കാനകൾ വൃത്തിയാക്കാൻ തുടങ്ങി. കാനയിലേക്ക് ഹോട്ടൽ മാലിന്യങ്ങൾ തള്ളിയതിനാൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം എംജി റോഡിലെ ഹോട്ടലുകൾ അടച്ചുപൂട്ടാൻ കോർപ്പറേഷൻ ഉത്തരവിട്ടിരുന്നു.
കൊച്ചിയിലെ വെള്ളക്കെട്ട് ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് ഹൈക്കോടതി കര്‍ശന നിർദ്ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഒരാഴ്ചക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നായിരുന്നു നിര്‍ദ്ദേശം. ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാൻ ഇടപെടൽ നടത്തണം, ഇത്തരം നടപടി ഉണ്ടായാൽ കർശന നടപടി സ്വീകരിക്കണം… ഇതായിരുന്നു കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങൾ. സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഈ മാസം 11ന് റിപ്പോർട്ട് നൽകാനും കൊച്ചി കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്.