കൊച്ചി: വളർത്ത് മൃഗങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതിന് ഓൺലൈൻ സംവിധാനം പരിഗണനയിലെന്ന് കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ. പദ്ധതി നടപ്പാവുന്നതോടെ ലൈസൻസ് എടുക്കുന്നത് എളുപ്പമാകുമെന്ന് മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ കോർപ്പറേഷന്റെ നേതൃത്ത്വത്തിൽ തെരുവ് നായ്ക്കൾക്കുള്ള മെഗാ വാക്സിനേഷന് തുടക്കമായി.
കൊച്ചി കോർപ്പറേഷന്‍റെ പരിധിയിയിലുള്ള വീടുകളിൽ ഒരു ലക്ഷത്തോളം വളർത്തുമൃഗങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്. എന്നാൽ വളർത്ത് മൃഗങ്ങൾക്കുള്ള ലൈസൻസ് ഉള്ളത് 200 പേർക്ക് മാത്രം. നിലവിൽ കോർപ്പറേഷന്റെ വിവിധ ഓഫീസുകളിൽ അപേക്ഷ നൽകിയാണ് ലൈസൻസ് നേടേണ്ടത്. ഓൺലൈനിലൂടെ നടപടിക്രമങ്ങൾ എളുപ്പമാക്കിയാൽ കൂടുതൽ പേർക്ക് ലൈസൻസ് എടുക്കാൻ കഴിയുമെന്നാമ് അധികൃതരുടെ കണക്കുകൂട്ടൽ. കോർപ്പറേഷൻ വെബ്സൈറ്റിലൂടെത്തന്നെ ഓൺലൈൻ സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
ഫോർട്ട് കൊച്ചിയിൽ തെരുവ് നായ്ക്കൾക്ക് കോർപ്പറേഷന്റെ നേതൃത്ത്വത്തിൽ വാക്സിനേഷന് തുടക്കമായി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പിടികൂടിയ നായ്ക്കളിൽ വന്ധ്യംകരണം നടത്താത്തവയെ എബിസി സെന്ററുകളിലേക്ക് മാറ്റി. വരും ദിവസങ്ങളിലും വാക്സിനേഷൻ ക്യാംപ് സംഘടിപ്പിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.