കൊച്ചി: വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് നിർമ്മിച്ച് എറണാകുളം സ്വദേശിയിൽ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത നാല് യു പി സ്വദേശികളെ കൊച്ചി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ വിപിൻ കുമാർ മിശ്ര (22), ധീരജ് കുമാർ (35) ഉമ്മത്ത് അലി (26), സാക്ഷി മൗലി രാജ് (27) എന്നിവരെയാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. എറണാകുളം സ്വദേശിയും പ്രമുഖ ബിൽഡിങ്ങ് കമ്പനിയുടെ ചീഫ് ഫിനാഷ്യൽ ഓഫീസറാണ് പരാതി നൽകിയത്. കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് പ്രതികൾ വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി അതിൽ നിന്നും പരാതിക്കാരന് മെസേജ് അയച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി.
ആധാർ ഡിജിറ്റൽ സേവാ കേന്ദ്രം നടത്തുന്ന വിപിൻ തൻ്റെ കടയിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്ന സാധാരണക്കാരയ ആളുകളെ കമ്മീഷൻ വാഗ്ദാനം ചെയ്ത് അവരുടെ അക്കൗണ്ടിലെ ഫോൺ നമ്പരും വിവരങ്ങളും മാറുകയും തുടർന്ന് എടിഎം കാർഡ് കൈക്കലാക്കിയുമാണ് തട്ടിപ്പ് നടത്തുന്നത്. അങ്ങനെ ലഭിക്കുന്ന അക്കൗണ്ടിലേക്ക് ആണ് സംഘം തട്ടിപ്പ് പണം മാറ്റുന്നത്. തുടർന്ന് വിവിധ സ്ഥലങ്ങളിലെ എടിഎം വഴി പണം വഴി പിൻവലിച്ചെടുക്കുന്നതാണ് പ്രതികളുടെ രീതി. അങ്ങനെ ലഭിക്കുന്ന പണം വീതിച്ചെടുത്ത് ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നു പ്രതികൾ. 2023 ജൂൺ ഒന്നാം തീയതി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുപയോഗിക്കുന്ന മൊബൈൽ നമ്പരുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണിൻ്റെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തർ പ്രദേശിലെ ഗൊരഖ്പൂർ, ഖുഷി നഗർ എന്നിവടങ്ങളിൽ നിന്നാണ് പണം പിൻവലിക്കുന്നതെങ്കിലും ഫോൺ നമ്പരുകളുടെ ലൊക്കേഷനുകൾ പ്രധാനമായും ബഹറായിച്ച്, സാന്ത കബീർ എന്നീ ജില്ലകളിലാണെന്ന് വ്യക്തമായി. തുടർന്ന് ഈ ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഇൻസ്പെക്ടർ തോമസ് കെ ജെ യുടെ നേതൃത്വത്തിൽ പൊലീസുകാരായ ശ്യാം കുമാർ, അരുൺ ആർ. അജിത്ത് രാജ്, നിഖിൽ ജോർജ്, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം 12 ദിവസത്തോളം ഉത്തർപ്രദേശിൽ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടാനായത്. പിടികൂടിയ പ്രതികളിൽ സാക്ഷി മൗലി രാജിനെതിരെ ഉത്തർ പ്രദേശിലെ മഹൂലി പോലിസ് സ്റ്റേഷനിൽ 3 സൈബർ കേസുണ്ട്. മറ്റൊരു പ്രതിയായ ഉമ്മത്ത് അലിക്കെതിരെ ബലാത്സംഗ കേസും,മോഷണ കേസുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.