കാസര്‍കോട്: കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി അര്‍ഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ അനുമതിയോടെയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. അര്‍ഷാദ് മയക്കുമരുന്ന് കേസില്‍ റിമാന്‍റില്‍ ആയതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനായില്ല. ഇയാളെ നാളെ കസ്റ്റഡിയില്‍ വാങ്ങും.
കേസില്‍ കൂടുതൽ പ്രതികളുടെ പങ്ക് പൊലീസ് സംശയിക്കുന്നു. പ്രതിയായ അർഷാദിന് ഒറ്റയ്ക്ക് മൃതദേഹം ഫ്ളാറ്റിലെ ഡക്ടിൽ തൂക്കിയിടാൻ കഴിയില്ലെന്നാണ് പൊലീസ് കരുതുന്നത്. പ്രതി അർഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണയും തമ്മിൽ പണമിടപാട് തർക്കം ഉണ്ടായതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി
സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ് ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞാണ് ഒളിപ്പിച്ചത്. മൃതദേഹം ഫ്ലാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. അർഷാദിന് ഒറ്റയ്ക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന സംശയമാണ് പൊലീസിന് ഉള്ളത്. ഫ്ലാറ്റിൽ സംശയകരമായ സാഹചര്യത്തിൽ എത്തിയ ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അർഷാദിനെകൂടി കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ സത്യം പുറത്ത് വരുമെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലാകുമ്പോഴും ലഹരിയിലായിരുന്നു അർഷാദെന്നും കമ്മീഷണർ വ്യക്തമാക്കി.
ലഹരി ഇടപാട് നടത്തിയിരുന്ന അർഷാദിന് കൊല്ലപ്പെട്ട സജീവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക മൊഴി. കൊലപാതകം നടന്ന ഫ്ലാറ്റിൽ സിസിടിവി ഇല്ലാത്തതും ഫ്ലാറ്റിലെത്തിയവരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസിന് വിലങ്ങുതടിയായി. സംസ്ഥാനത്തിന് പുറത്തുള്ള മയക്ക്മരുന്ന ഇടപാടുകാർക്ക് അർഷാദുമായി അടുപ്പമുണ്ടായിരുന്നതിനും തെളിവുണ്ട്.