കൊച്ചി: കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാനുള്ള ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും കൊച്ചി മെട്രോ നല്‍കുമെന്ന് കെ.എം.ആര്.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ. ഐ.എ.പി കൊച്ചി ശാഖയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനിച്ചുവീഴുന്ന കുട്ടിക്കോ മാതാപിതാക്കള്‍ക്കോ എന്താണ് തങ്ങളുടെ കുട്ടിയെ അലട്ടുന്ന രോഗമെന്ന് ഡോക്ടറോട് പറയാന്‍ സാധിക്കില്ല. ഈ അവസ്ഥയില്‍ രോഗനിര്‍ണയം നടത്തി ചികിത്സനടത്തുന്നത് പരിഗണിക്കുമ്പോള്‍ മറ്റ് മെഡിക്കല്‍ വിഭാഗക്കാരെക്കാളും ബുദ്ധിമുട്ടുള്ള പ്രഫഷനാണ് ശിശുരോഗ വിഭാഗമെന്നും അദ്ദേഹം പറഞ്ഞു.
ശാഖ പ്രസിഡന്റ് ഡോ. എം.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. രേഖ സഖറിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡോ. എബ്രഹാം കെ. പോൾ ചൈല്‍ഡ് കെയര്‍ സെന്ററിന്റെ റിപ്പോര്‍ട്ടും ഡോ. ടോണി മാമ്പള്ളി സിക്ക് ചില്‍ഡ്രന്‍ എയ്ഡ് ഫണ്ട് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഡോ. എം. വേണുഗോപാല്‍, ഐ.എ.പി കൊച്ചിയുടെ പുതിയ പ്രസിഡന്റ് ഡോ. വിവിന് എബ്രഹാമിനെ പരിചയപ്പെടുത്തി.
ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് സ്ഥാനോരോഹണം നിർവഹിച്ചു. ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ആര്. രമേശ് കുമാര്‍, സംസ്ഥാന പ്രസിഡന്റ് ഷിമ്മി പൗലോസ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, ഐ.എ.പി കൊച്ചി സെക്രട്ടറി ഡോ. എബി മാത്യു, ട്രഷറര്‍ ഡോ. രമ പൈ എന്നിവര്‍ സംസാരിച്ചു. കൊച്ചികണക്ട് എഡിറ്റര്‍ ആമിന സുള്ഫിയെ ആദരിച്ചു. നവജാതശിശുക്കളിലെ കേള്‍വി പരിശോധനക്കുള്ള യന്ത്രം റോട്ടറി ക്ലബ് ഓഫ് കൊച്ചി പ്രസിഡന്റ് പ്രകാശ് അസ്വാനി ലോക്നാഥ് ബെഹ്റക്ക് കൈമാറി.